1

വടക്കാഞ്ചേരി: വള്ളുവനാടൻ ഗ്രാമ പ്രദേശങ്ങളിൽ മലയാള സിനിമകളുടെ ചിത്രീകരണം സജീവമായതോടെ എം.ടി വാസുദേവൻ നായരും ഹരിഹരനും ചേർന്ന് ഹിറ്റാക്കിയ പൈങ്കുളത്തെ കോന്നനാത്ത് തറവാട് തേടി വീണ്ടും സിനിമാക്കാരെത്തി തുടങ്ങി. നടൻ മോഹൻലാൽ ഏറെ ഇഷ്ടപ്പെടുന്ന ലൊക്കേഷൻ കൂടിയായ പൈങ്കുളവും പ്രദേശവും തന്റെ അടുത്ത സിനിമയായ ആറാട്ടിന്റെ ചിത്രീകരണത്തിന് കോന്നനാത്ത് തറവാട് തിരഞ്ഞെടുത്തിരുന്നു.

എന്നാൽ കാലപ്പഴക്കമുള്ള തറവാട് ഷൂട്ടിംഗിനായി നൽകിയാൽ കേടു സംഭവിക്കുമെന്ന് കരുതിയാണ് വിട്ടുകൊടുക്കാത്തതെന്ന് താമസക്കാരനായ സന്ദീപ് പൈങ്കുളം പറഞ്ഞു. ആധാരം, ആകാശത്തിലെ പറവകൾ, ഈ പുഴയും കടന്ന്, വധു ഡോക്ടറാണ്, യാത്രാ മൊഴി, പഞ്ചാഗ്‌നി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രീകരണം നടന്നത് ഈ തറവാട്ടിലും പരിസര പ്രദേശങ്ങളിലുമായാണ്.

നിളാ തീരവും, നെൽവയലുകളും, കാവുകളും ഉൾപ്പെട്ട പ്രദേശത്താണ് തറവാട് സ്ഥിതി ചെയ്യുന്നത്. അടൂർ ഗോപാലകൃഷ്ണനടക്കമുള്ളവർ ചിത്രീകരണത്തിനായി തറവാട് ആവശ്യപ്പെട്ടിരുന്നതായി വീട്ടുടമ പറഞ്ഞു. എട്ടുകെട്ടുകളിൽ അവശേഷിക്കുന്ന ഒരു തറവാട് കൂടിയാണ് പൈങ്കുളത്തെ കോന്നനാത്ത് തറവാട്. പഴയ തനിമ ചോർന്നു പോകാതെയാണ് വീട്ടുകാർ തറവാടിനെ സംരക്ഷിക്കുന്നത്.