തൃശൂർ : യന്ത്രവത്കൃത കൃഷി പ്രോത്സാഹിപ്പിക്കാൻ കാർഷികയന്ത്രങ്ങൾക്ക് വിലക്കിഴിവ് നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതത് 51,063 കർഷകർ. ഏഴായിരത്തിലേറെപ്പേർ ജില്ലയിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാർ കൃഷിമന്ത്രാലയവും കേരള കാർഷികവികസന കർഷകക്ഷേമ വകുപ്പും നടപ്പാക്കുന്ന കാർഷിക യന്ത്രവത്കൃത ഉപപദ്ധതി (സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ 'സ്മാം')യാണ് കർഷകർക്ക് സബ്‌സിഡി നൽകുന്നത്. സംസ്ഥാനത്ത് അർഹരായ 2225 ഗുണഭോക്താക്കൾക്ക് ഈ സാമ്പത്തികവർഷം 10.04 കോടി രൂപയും വിതരണം ചെയ്തു.
agrimachinery.nic.in എന്ന വെബ്‌സൈറ്റ് വഴി കർഷകർ ആദ്യം വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കണം. ആധാർ കാർഡ്, ഫോട്ടോ, ബാങ്കിലെ അക്കൗണ്ട് പുസ്തകത്തിന്റെ കോപ്പി, കരമടച്ച രശീതി, സംവരണവിഭാഗങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം വേണം പ്രൊഫൈൽ സമർപ്പിക്കാൻ. ഏതൊക്കെ യന്ത്രങ്ങൾ വേണമെന്ന് പ്രൊഫൈൽ വഴി അംഗീകൃത ഡീലർമാരിൽ നിന്ന് തിരഞ്ഞെടുക്കാം. ഡീലർമാർക്ക് പണം അടച്ചതിന്റെ ബില്ലും മറ്റ് രേഖകളും പരിശോധിച്ച ശേഷം അത് സഹിതം അതത് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽനിന്നുള്ള സംഘമെത്തി യന്ത്രങ്ങളുടെ ഭൗതികപരിശോധന നടത്തിയാണ് സാമ്പത്തികസഹായം അനുവദിക്കുക. സബ്‌സിഡി ഗുണഭോക്താവിന്റെയോ ഗുണഭോക്തൃ സ്ഥാപനത്തിന്റെയോ അക്കൗണ്ടിലേയ്ക്ക് ലഭ്യമാക്കും.
ലോക്ക്ഡൗൺ കാലയളവിൽ കൂടുതൽ പേർ കൃഷിയിലേക്ക് കടന്നുവന്നതോടെ യന്ത്രസാമഗ്രികൾക്കും ആവശ്യക്കാർ ഏറി വരുന്നതായി പറയുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷാമവും യന്ത്രവത്കരണത്തിലേക്ക് വഴിതെളിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സബ് സിഡി വേഗം ലഭ്യമാക്കാനുളള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു.
പരിധിയില്ല
സബ്‌സിഡി നൽകുന്നതിന് പട്ടികജാതി വർഗ ഗുണഭോക്താക്കൾക്ക് കൃഷിഭൂമിയുടെ പരിധി നിശ്ചയിച്ചിട്ടില്ല. ഇവരെ കൃഷിയിലേയ്ക്ക് തിരിച്ചെത്തിക്കുന്നതും പദ്ധതി ലക്ഷ്യമിടുന്നു. പട്ടികജാതിവർഗ വിഭാഗം, ഒരു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള നാമമാത്ര കർഷകർ, ഒരു ഹെക്ടറിൽ കൂടുതലോ രണ്ട് ഹെക്ടറോ കൃഷിഭൂമിയുള്ള ചെറുകിട കർഷകർ, വനിതകൾ എന്നിവർക്ക് 50 ശതമാനമാണ് സബ്‌സിഡി. പദ്ധതിയുമായി സഹകരിക്കുന്ന നിർമാതാക്കളും ഡീലർമാരുമായി യന്ത്രങ്ങളുടെ വില താരതമ്യം ചെയ്ത് കുറഞ്ഞനിരക്കിൽ യന്ത്രസാമഗ്രികൾ സ്വന്തമാക്കാം.
സഹായം ലഭിക്കുന്നത്
വിവരങ്ങൾക്ക്: ജില്ല കൃഷി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയം. ഫോൺ: 0487 2325208.