ഏങ്ങണ്ടിയൂർ: വീട്ടിൽ ഒരു മീൻകുളം പദ്ധതിക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഏങ്ങണ്ടിയൂർ കർഷക സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പുരയിടത്തിൽ കുഴിയെടുത്തും അല്ലാതെയും സജ്ജീകരിക്കാവുന്ന ഹൈടെക്ക് കുളത്തിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. പുളിഞ്ചോട് പി.എ അഷറഫിന്റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങ് കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡംഗം എം.എ ഹാരീസ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡംഗം ഇ.എൽ ജോൺ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നിമിഷ അജീഷ്, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.ആർ സാംബശിവൻ, യു.വി സുകുമാരൻ, മാനേജിംഗ് ഡയറക്ടർ ഇ. രണദേവ് തുടങ്ങിയവർ സംസാരിച്ചു.