election

തൃശൂർ: കോർപറേഷനിൽ ശ്രദ്ധാകേന്ദ്രമായി മാറിയ പുല്ലഴി ഡിവിഷനിലെ ശബ്ദ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. കൊവിഡ് നിയന്ത്രണം പാലിച്ചു മാത്രമേ കൊട്ടികലാശം അനുവദിക്കൂ. 21നാണ് പുല്ലഴിയിലെ വോട്ടെടുപ്പ്. 22ന് ഫലപ്രഖ്യാപനം ഉണ്ടാകും. കോർപറേഷൻ ഭരണത്തിന്റെ ഗതി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് പുല്ലഴിയിലേത് എന്നതിനാൽ മൂന്ന് മുന്നണികളും അടുക്കും ചിട്ടയുമുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് നടത്തുന്നത്. മൂന്ന് മുന്നണികളും പ്രമുഖരായ നേതാക്കളെത്തന്നെ പ്രചരണത്തിനെത്തിച്ചു. എൽ.ഡി.എഫിനായി മന്ത്രിമാർ തന്നെ രംഗത്തെത്തിയപ്പോൾ യു.ഡി.എഫിനായും എൻ.ഡി.എയ്ക്കായും പ്രമുഖർ തന്നെയെത്തി. മന്ത്രിമാരായ എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ എന്നിവർ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളിൽ സജീവമായി. യു.ഡി.എഫിനായി എം.പിമാരായ രമ്യ ഹരിദാസ്, ടി.എൻ പ്രതാപൻ, ചാണ്ടി ഉമ്മൻ, ഷാഫി പറമ്പിൽ എന്നിവരാണ് പ്രചരണത്തിനെത്തിയത്. എൻ.ഡി.എ ക്ക്‌ കുമ്മനം രാജശേഖരൻ, ബി. ഗോപാലകൃഷ്ണൻ, കെ.കെ. അനീഷ്‌ കുമാർ ഉൾപ്പടെ പ്രമുഖ നേതാക്കൾ തന്നെ പ്രചരണ രംഗത്തുണ്ടായിരുന്നു. ജയത്തിൽ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ ഭാവിയിൽ ഭരണത്തിന് സാദ്ധ്യത കൂട്ടുന്നതാണ് പുല്ലഴിയിലെ ജയം. രണ്ട് സീറ്റിന്റെ വ്യത്യാസമാണ് ഇരുകൂട്ടരും തമ്മിലുള്ളത്. വോട്ടർമാരെ വീടുകളിൽ പോയി നേരിൽക്കണ്ട് വോട്ടഭ്യർത്ഥന നടത്തുന്ന അവസാനഘട്ട പര്യടനങ്ങളിലാണ്. പുല്ലഴിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. മഠത്തിൽ രാമൻകുട്ടി മുൻ കോൺഗ്രസ് നേതാവാണ്. മുൻ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാമനാഥൻ. എൻ.ഡി.എ സ്ഥാനാർത്ഥിയായ സന്തോഷ് പുല്ലഴിയും ഡിവിഷനിൽ നല്ല വ്യക്തി ബന്ധമുള്ളയാളാണ്.

കക്ഷിനില

എൽ.ഡി.എഫ് 24

യു.ഡി.എഫ് 23

എൻ.ഡി.എ 06

സ്വതന്ത്രൻ 01