തൃശൂർ: മുടങ്ങിയും വിവാദത്തിലും പെട്ട് നിർമ്മാണം ഇഴഞ്ഞുനീങ്ങിയ കുതിരാൻ തുരങ്കത്തിന് വൻസുരക്ഷാ ഭീഷണിയാകുകയാണ് മുകൾഭാഗത്തുള്ള പാറക്കല്ലുകളും മണ്ണും മരങ്ങളും. തുരങ്കനിർമ്മാണത്തിനിടെ ഇതെല്ലാം നീക്കം ചെയ്യാൻ ഇനിയും സമയമെടുത്തേക്കും.
മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നിർമ്മാണം തുടങ്ങിയിട്ട് പന്ത്രണ്ടു വർഷമായി. തുരങ്കത്തിന്റെ പണി തുടങ്ങിയിട്ടും വർഷങ്ങളായി. കരാർ കമ്പനികളുടെയും ദേശീയപാത അതോറിറ്റിയുടെയും അനാസ്ഥയും രാഷ്ട്രീയ നേതൃത്വങ്ങളുടെ ജാഗ്രതയില്ലായ്മയും കാരണം നിർമ്മാണം നീളുകയാണ്. കഴിഞ്ഞ ദിവസം പാറക്കല്ല് പൊട്ടിക്കുന്നതിനിടെ തുരങ്കത്തിന്റെ കോൺക്രീറ്റ് ഭിത്തിയിൽ വലിയ ദ്വാരം വീണതോടെ നിർമ്മാണത്തിലെ അനാസ്ഥയും ഏകോപനമില്ലായ്മയും കാലതാമസവും സൃഷ്ടിച്ച അപകടം മറനീക്കി. കൂറ്റൻ പാറക്കല്ല് വീണായിരുന്നു കുതിരാൻ തുരങ്കത്തിന്റെ കോൺക്രീറ്റ് ഭിത്തിയിൽ വലിയ ദ്വാരം ഉണ്ടായത്. തുരങ്കപ്പാത വേഗം തുറക്കാൻ പരിസരത്തെ പാറക്കല്ലുകൾ പൊട്ടിച്ചു നീക്കുമ്പോഴായിരുന്നു സംഭവം. രണ്ട് തുരങ്കങ്ങളിൽ ഒന്നിന്റെ കവാടം പൂർണമായും മണ്ണ് വന്നടിഞ്ഞു. ഈ മണ്ണ് മുഴുവൻ നീക്കണം. ഇനി തുരങ്കം തുറന്നാലും ഇത് ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ മഴക്കാലത്തും പ്രളയകാലത്തും മണ്ണിടിച്ചിൽ കാരണം അപകടങ്ങളും ഗതാഗതക്കുരുക്കുമുണ്ടായിരുന്നു.
തുരങ്കം തുറക്കാനാകുമോ ?
ഇടതു തുരങ്കം ജനുവരി അവസാനത്തോടെ തുറക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടക്കാനിടയില്ലെന്നാണ് സൂചന. 90 ശതമാനം പണി പൂർത്തിയായിട്ടുണ്ടെങ്കിലും തുരങ്കത്തിന്റെ ഉൾവശം കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്. തുരങ്കത്തിന് മുകളിലെ മണ്ണു മാറ്റൽ മാത്രമാണ് നടക്കുന്നത്. സുരക്ഷാ ഏജൻസിയുടെ നിർദ്ദേശ പ്രകാരം ശാസ്ത്രീയ കോൺക്രീറ്റിംഗ് നടത്തണം. തുരങ്കത്തിന് മുകളിലായി പാറക്കല്ല് അടുക്കി ഉറപ്പിക്കുന്നത് എങ്ങുമെത്തിയിട്ടില്ല. കൺട്രോൾ സ്റ്റേഷനും വെള്ളം ഒഴുക്കിവിടാൻ ഡ്രെയിനേജും നിർമ്മിച്ചിട്ടില്ല. തുരങ്കത്തിലെ പുക പുറന്തള്ളാൻ എക്‌സ്‌ഹോസ്റ്ററുകൾ പ്രവർത്തനക്ഷമമല്ല. നവംബറിൽ പണി തുടങ്ങി ജനുവരിയിൽ തുരങ്കം തുറക്കണമെന്ന് കേന്ദ്രമന്ത്രി, ദേശീയപാത അതോറിറ്റിക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ വിദേശ ധനകാര്യ സ്ഥാപനത്തിന്റെ ധനസഹായം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ പണി തുടങ്ങാനാവൂ. അതിന് ഇനിയും കടമ്പകളുണ്ട്.
സ്ഥലം സന്ദർശിച്ച് എം.പിയും സംഘവും
തുരങ്കത്തിന്റെ കവാടങ്ങളിലെ കോൺക്രീറ്റ് ഭിത്തിയുടെ ബലപരിശോധന ഉടൻ നടത്തണമെന്ന് സ്ഥലം സന്ദർശിച്ച ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. ഡി.സി.സി. പ്രസിഡന്റ് എം.പി വിൻസെന്റ്, കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കുതിരാൻ തുരങ്കപാത തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ നേരിൽക്കാണണം. ഈ വിഷയത്തിൽ എല്ലാ കോൺഗ്രസ് എം.പിമാരും മുഖ്യമന്ത്രിക്കൊപ്പം പോകാൻ തയ്യാറാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർശനമായി ഇടപെട്ടില്ലെങ്കിൽ ഇനിയും അലംഭാവം തുടരും.
ടി.എൻ പ്രതാപൻ എം.പി.