കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ വാക്സിൻ കണ്ടെത്തിയതും പ്രയോഗിച്ചു തുടങ്ങിയതും ശാസ്ത്രത്തിന്റേയും ശാസ്ത്രജ്ഞരുടെയും നേട്ടവും മികവുമാണെന്നതിൽ തർക്കമില്ല. പക്ഷേ, കൊവിഡ് അടക്കമുളള രോഗങ്ങളുടെ ചികിത്സകളിൽ ഏതെങ്കിലും ശാസ്ത്രത്തെ അവഗണിക്കുന്നതോ ഒഴിവാക്കുന്നതോ ശരിയല്ലെന്ന വാദത്തിന് ഏറെ ശക്തിയുണ്ടായിരിക്കുന്നു, ഈ കൊവിഡ് കാലത്ത്. കൊവിഡ് ചികിത്സയിൽ അടക്കം അംഗീകൃത വൈദ്യശാസ്ത്രശാഖകളെ അകറ്റിനിറുത്താനാവശ്യപ്പെടുന്നത് ദേശീയ താത്‌പര്യങ്ങൾക്ക് വിരുദ്ധവും അശാസ്ത്രീയവുമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ആയുർവേദത്തിലെ ചില വിഭാഗങ്ങളിലെ വിദഗ്ധർക്ക് ശസ്ത്രക്രിയ നടത്തുന്നതിന് ഗവണ്മെന്റ് അംഗീകാരം നൽകിയത് എതിർക്കുന്നത് ശരിയല്ല. അതേസമയം ആയുർവേദത്തിന്റെ പരിശുദ്ധി നിലനിറുത്തുന്നതിന് ആയുർവേദ ചികിത്സകരും സംഘടനകളും ശ്രദ്ധിക്കണമെന്നുമായിരുന്നു അദ്ദേഹം ഒരു ചടങ്ങിൽ പങ്കെടുക്കവേ കൂട്ടിച്ചേർത്തത്.
കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുളള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ആയുർവേദ ചികിത്‌സയെ കൊവിഡ് രോഗികൾക്കായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ച് രണ്ടു മാസം പിന്നിടുമ്പോൾ തൃശൂർ ജില്ലയിൽ മാത്രം ചികിത്സ തേടിയത് രണ്ടായിരത്തിലേറെപ്പേർ ആണെന്നതും ഇതിനോട് കൂട്ടിവായിക്കണം. കൊവിഡ് നെഗറ്റീവായി ചികിത്സ തേടിയവർ പതിനായിരം കവിഞ്ഞു. ആയുർവേദത്തിന്റെ ഫലസിദ്ധിയാണ് ഇത് അടിവരയിടുന്നത്.
സി.എഫ്.എൽ.ടി.സികളിലേക്കും ആയുർവേദമരുന്നുകൾ വിതരണം ചെയ്യാനുളള ഒരുക്കങ്ങളും ഭാരതീയ ചികിത്സാവകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുളള സാങ്കേതിക തടസങ്ങൾ മറികടന്നാൽ ഉടനെ മരുന്ന് ലഭ്യമാക്കാനാവും. കഴിഞ്ഞ നവംബർ 18 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് അതിന് അനുസൃതമായി ഭാരതീയ ചികിത്സാവകുപ്പ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് രൂപം നൽകിയത്. ഭേഷജം ചികിത്സാ പദ്ധതിയിലൂടെ, ഫസ്റ്റ്, സെക്കൻഡ് ലൈൻ കൊവിഡ് ചികിത്‌സാകേന്ദ്രങ്ങളിലും വീടുകളിലും ഐസൊലേറ്റ് ചെയ്യപ്പെട്ടിട്ടുളള ഗുരുതരാവസ്ഥയിൽ ഇല്ലാത്ത കാറ്റഗറി എ വിഭാഗത്തിലുളള കൊവിഡ് രോഗികൾക്ക് ആയുർവേദ മരുന്നുകൾ നൽകാനായിരുന്നു സംസ്ഥാന സർക്കാരിന്റെ ഉത്തരവ്.
ആർക്കും ഗുരുതരമായില്ല
ചികിത്സതേടിയവരിൽ ആർക്കും രോഗം ഗുരുതരമായതിനെ തുടർന്ന് മറ്റിടങ്ങളിൽ ചികിത്സ തേടേണ്ടി വന്നിട്ടില്ലെന്ന് ഭാരതീയ ചികിത്സാവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. ഇന്ദുകാന്തം കഷായം, സുദർശനം ഗുളിക തുടങ്ങി രോഗാവസ്ഥയ്ക്ക് അനുയോജ്യമായ ഔഷധങ്ങളാണ് ഭേഷജം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യോഗ, ശ്വസനവ്യായാമവും നല്‍കി വരുന്നുണ്ട്. നിലവിൽ പൂർണമായും സൗജന്യമായാണ് സേവനം. സംസ്ഥാന ആയുര്‍വേദ കൊവിഡ് 19 സെല്ലിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. സംസ്ഥാനത്ത് 1206 ആയുർരക്ഷാ ക്ലിനിക്കുകളിലൂടെയാണ് ചികിത്സ നല്‍കുന്നത്. രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ടെലിമെഡിസിൻ സംവിധാനവും വീഡിയോ കോൺഫറൻസിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്വാറന്റൈനിലുളളവർക്ക് രോഗപ്രതിരോധത്തിനുളള മരുന്നുകൾ ലഭ്യമാക്കുന്ന അമൃതം പദ്ധതിയുടെ പഠനഫലങ്ങളും ശ്രദ്ധേയമായിരുന്നു.
ആയുർവേദ ചികിത്സ ആവശ്യമുള്ള കൊവിഡ് രോഗികൾക്ക് അടുത്തുളള സർക്കാർ ആയുർവേദ ക്ളിനിക്കുകളിലോ ആശുപത്രികളിലോ ബന്ധപ്പെടാം. ആശാ വർക്കർമാർ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ വഴിയും ചികിത്സ ആവശ്യപ്പെടാം. രോഗികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വഴിയും മരുന്ന് ലഭ്യമാക്കുന്നുണ്ട്.
രക്തം കൊടുത്തും
ചേർത്തുപിടിക്കണം
കൊവിഡ് വ്യാപിച്ചപ്പോൾ മറ്റൊരു പ്രധാനപ്രശ്നം രക്തക്ഷാമമായിരുന്നു. ക്യാമ്പുകൾ നടത്തി പ്രധാന രക്തബാങ്കുകളിലെ രക്തഗ്രൂപ്പുകളുടെ ക്ഷാമം മറികടക്കാൻ തീവ്രയജ്ഞമാണ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കൊവിഡ് വ്യാപനം കൂടിയതോടെ, സാധാരണ ലഭ്യമാകുന്ന എ, ബി, ഒ എന്നീ ഗ്രൂപ്പുകൾ വരെ കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു. ആശുപത്രികളിലെ ശസ്ത്രക്രിയകളും മറ്റ് ചികിത്സകളും സാധാരണ ഗതിയിലേക്ക് മാറുകയും രക്തത്തിന്റെയും രക്തഘടകങ്ങളുടെയും ആവശ്യം ഗണ്യമായി വർദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് വ്യാപന ഭീതി മൂലം രക്തദാതാക്കൾ ആശുപത്രികളിൽ വരാനും രക്തം നൽകാനും മടിക്കുന്ന സ്ഥിതിയായിരുന്നു. സന്നദ്ധ രക്തദാന സംഘടനകൾ പൂർണ സഹായവുമായി നിലകൊള്ളുന്നുണ്ടെങ്കിലും ആവശ്യം കൂടിയതോടെ അവരും ബുദ്ധിമുട്ടുകയാണ്. കൊവിഡ് വ്യാപനമുള്ളതിനാൽ മുമ്പ് നടത്തിയിരുന്നത് പോലെ സന്നദ്ധരക്തദാന ക്യാമ്പുകൾ നടക്കുന്നില്ല. അതിനാൽ രോഗികളുടെ ബന്ധുക്കളോ, സന്നദ്ധ ദാതാക്കളോ രക്തബാങ്കിൽ എത്തിയാണ് ഇപ്പോൾ രക്തദാനം നടത്തുന്നത്. ജില്ലയിലെ പ്രധാന അഞ്ച് രക്തബാങ്കുകളായ ഗവ. മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, ഐ.എം.എ ബ്ലഡ് ബാങ്ക് , ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, അമല മെഡിക്കൽ കോളേജ് എന്നീ കേന്ദ്രങ്ങളിൽ രക്തം ആവശ്യത്തിനുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പ്രവർത്തകരും, ക്ളബുകളുമെല്ലാം രംഗത്തിറങ്ങിയതോടെയാണ് ആശ്വാസമായത്.
പ്‌ളാസ്‌മയും ശേഖരിക്കുന്നു
കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവർക്കുള്ള പ്ലാസ്മ തെറാപ്പിക്കായി രോഗമുക്തരെയും തേടുന്നുണ്ട്. നിലവിൽ നൂറോളം പേർക്കുള്ള പ്‌ളാസ്മ മെഡിക്കൽ കോളേജിലുണ്ട്. ദിവസം ഒന്നോ രണ്ടോ പേർക്ക് പ്‌ളാസ്മ നൽകുന്നുണ്ട്. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മയാണ് ഉപയോഗിക്കുന്നത്.
പതിനെട്ടിനും അറുപത് വയസിനും ഇടയിൽ പ്രായമുള്ളവരിൽ നിന്നാണ് പ്ലാസ്മ ശേഖരിക്കുന്നത്. പ്ലാസ്മതെറാപ്പി വഴി നിരവധി രോഗികളെ രക്ഷിക്കാനായിട്ടുണ്ട്. വെന്റിലേറ്ററിൽ അതീവഗുരുതരാവസ്ഥയിലായിരുന്ന രോഗികളിലും ചികിത്സ ഫലപ്രദമായി. പ്ലാസ്മതെറാപ്പി കൊടുത്ത് ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായി. കൊവിഡ് ബാധയെ അതിജീവിച്ചവരുടെ ശരീരത്തിൽ വൈറസിനെ ചെറുക്കാൻ ആവശ്യമായ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും. ഈ ആന്റിബോഡിയാണ് ചികിത്സയ്ക്ക് ഗുണം ചെയ്യുക.