തൃശൂർ : കൊവിഡ് സൃഷ്ടിച്ച രൂക്ഷമായ പ്രതിസന്ധികൾക്കിടയിലും ജില്ലയിലെ ധാന്യപ്പുരകൾ നിറഞ്ഞു തന്നെ. ജില്ലയിലെ റേഷൻകടകൾ വഴി വിതരണം ചെയ്യാനുള്ള പുഴുക്കലരി, പച്ചരി, ഗോതമ്പുമാണ് എഫ്.സി.ഐ ഗോഡൗണുകളിൽ സംഭരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ എഴ് മാസത്തേക്ക് വിതരണം ചെയ്യുന്നതിനുള്ള അരി നിലവിൽ മുളങ്കുന്നത്തുകാവിലെയും ചാലക്കുടിയിലെയും എഫ്.സി.ഐ ഗോഡൗണുകളിലുണ്ട്. ഓരോ മാസവും ഏകദേശം 750 മെട്രിക് ടൺ അരിയാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നത്. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് കൊണ്ടുപോകുന്നത് അനുസരിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാഗണുകളിൽ എഫ്.സി.ഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം എത്തുന്നുമുണ്ട്. മുളങ്കുന്നത്ത്കാവിലും ചാലക്കുടിയിലും ഗോഡൗണിൽ സംഭരണ ശേഷിയുടെ 90 ശതമാനത്തിലേറെ ഭക്ഷ്യധാന്യമുണ്ട്. ആന്ധ്ര, ഹരിയാന, മദ്ധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതലായും കേരളത്തിലേക്ക് അരിയെത്തുന്നത്.
മുളങ്കുന്നത്ത്കാവ് എഫ്.സി.ഐ
ചാലക്കുടി ഗോഡൗൺ
എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നത് മതിയായ
സുരക്ഷാ സംവിധാനങ്ങളില്ലാതെ
തൃശൂർ: കവർച്ചകൾ വ്യാപകമായി അരങ്ങേറുമ്പോഴും സംസ്ഥാനത്ത് ഭൂരിഭാഗം എ.ടി.എമ്മുകളും പ്രവർത്തിക്കുന്നത് മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ. എ.ടി.എം തുടങ്ങുന്ന സമയത്ത് ഏർപ്പെടുത്തുന്ന സുരക്ഷാ മുന്നൊരുക്കങ്ങളെല്ലാം പതിയെ നിറുത്തുകയാണ് ബാങ്കുകൾ.
എ.ടി.എമ്മിലേക്ക് പ്രവേശിക്കുന്നതിന് സേഫ് ലോക്ക്, ഉള്ളിലും പ്രവേശന കവാടത്തിലും കാമറ, സംരക്ഷണത്തിനായി സെക്യൂരിറ്റി ഗാർഡിന്റെ സേവനം എന്നീ സംവിധാനങ്ങളോടെയാണ് എല്ലാ എ.ടി.എമ്മുകളും പ്രവർത്തനം ആരംഭിക്കുന്നത്. എ.ടി.എം കാർഡുപയോഗിച്ച് സ്വൈപ് ചെയ്ത് മാത്രമേ സേഫ് ഡോറുള്ള എ.ടി.എമ്മുകൾക്കുള്ളിലേക്ക് പ്രവേശിക്കാനാകൂ. സംശയ നിവാരണത്തിനായി സെക്യൂരിറ്റി ഗാർഡിന്റെ സഹായവും തേടാമായിരുന്നു.
എന്നാൽ ഈ രണ്ട് സംവിധാനങ്ങളും മിക്ക ബാങ്ക് എ.ടി.എം കൗണ്ടറുകളിലും ഒഴിവാക്കി. എ.ടി.എം കൗണ്ടറിനകത്ത് കാമറ സ്ഥാപിക്കാറുണ്ടെങ്കിലും മിക്കതും പ്രവർത്തനരഹിതമാണ്. ഇത്തരത്തിൽ യാതൊരു സുരക്ഷാ മുന്നൊരുക്കങ്ങളുമില്ലാതെയാണ് സംസ്ഥാനത്തെ മിക്ക എ.ടി.എമ്മുകളും പ്രവർത്തിക്കുന്നത്. ഇതിന് പുറമെ വൃത്തിഹീനമായാണ് മിക്ക എ.ടി.എമ്മുകളുടെയും പ്രവർത്തനം. എ.ടി.എമ്മുകൾക്കുള്ളിൽ പാഴ് കടലാസുകളും മറ്റ് അവശിഷ്ടങ്ങളും അടിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്ന സാഹചര്യവുമുണ്ട്. കൊവിഡ് സുരക്ഷയുടെ ഭാഗമായി എ.ടി.എം കൗണ്ടറുകളിൽ സാനിറ്റൈസർ വേണമെന്ന് നിർബന്ധമുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. സാനിറ്റൈസറിന്റെ ഒഴിഞ്ഞ കുപ്പിമാത്രമാണ് മിക്ക എ.ടി.എമ്മുകളിലും ഉള്ളത്. നോട്ട് നിരോധനവും പുത്തൻ നികുതി പരിഷ്കാരങ്ങളും മൂലമുണ്ടായ സാമ്പത്തിക ഞെരുക്കം കാരണം എ.ടി.എം കൗണ്ടറുകളുടെ നടത്തിപ്പ് സാമ്പത്തികമായി താങ്ങാനാകാത്തതിനാൽ ചെലവ് പരിമിതപ്പെടുത്തുകയാണെന്നാണ് ബാങ്കുകൾ ഇതിനെല്ലാം പറയുന്ന ന്യായവാദം.