കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ അംഗൻവാടി അദ്ധ്യാപിക സി.കെ ബേബി ടീച്ചർക്ക് എൽ.ഇ.ഡി ബൾബ് നൽകി നിർവഹിച്ചു. ആഗോള താപനം,​ വൈദ്യുതി ഉപഭോഗം എന്നിവ കുറയ്ക്കുന്നതിനും, പ്രകൃതിക്ഷോഭം തടയുന്നതിനുമാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും സംയുക്തമായി എൽ.ഇ.ഡി ബൾബ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ 36 അംഗനവാടികൾക്കും കെ.എസ്.ഇ.ബി മതിലകം സബ്‌ സ്റ്റേഷനിലെ ജീവനക്കാർക്കും സൗജന്യമായി ബൾബ് നൽകി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ അയൂബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ നൗഷാദ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അബീഷ് കുമാർ, അസിസ്റ്റന്റ് എൻജിനിയർ സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എ. രതി തുടങ്ങിയവർ പങ്കെടുത്തു.