തൃശൂർ: 605 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 182 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,596 ആണ്. തൃശൂർ സ്വദേശികളായ 99 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കം വഴി 176 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒരാൾക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 20 പുരുഷൻമാരും 12 സ്ത്രീകളും, പത്ത് വയസിന് താഴെ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്. 263 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 89 പേർ ആശുപത്രിയിലും 174 പേർ വീടുകളിലുമാണ്.
കൊവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ മാറ്റം
തൃശൂർ: ജില്ലയിലെ കൊവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ മാറ്റം. വേലൂർ കുടുംബാരോഗ്യ കേന്ദ്രം, പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ചാവക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് എന്നിവ പുതിയ വാക്സിനേഷൻ കേന്ദ്രങ്ങളായി മാറും.
തിങ്കളാഴ്ച വാക്സിനേഷനായി പട്ടികയിൽ പേര് രജിസ്റ്റർ ചെയ്ത 881 പേരിൽ 616 പേർ വാക്സിൻ സ്വീകരിച്ചു. തൃശൂർ ഗവ. മെഡിക്കൽ കോളേജ് 55, അമല മെഡിക്കൽ കോളേജ് 52, വൈദ്യരത്നം ആയുർവേദ കോളേജ് 80, തൃശൂർ ജനറൽ ആശുപത്രി 73, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 74, വേലൂർ കുടുംബാരോഗ്യ കേന്ദ്രം 66, പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ 76, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 69, ചാലക്കുടി താലൂക്ക് ആസ്ഥാന ആശുപത്രി 71 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ വിവരം. ആഴ്ചയിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊവിൻ ആപ്പ് പ്രകാരം രജിസ്റ്റർ ചെയ്തവർക്കാണ് വാക്സിൻ നൽകുന്നത്.