പാവറട്ടി: സെന്ററിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള കാന നിർമാണവും സിഗ്‌നലിംഗ് സംവിധാനം ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികളും ഉടൻ തുടങ്ങുമെന്ന് മന്ത്രി ജി. സുധാകരൻ. പെരുനെല്ലി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
സർവേ പൂർത്തീകരിച്ചാൽ ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. 2019-20ലെ സംസ്ഥാന ബഡ്ജറ്റിൽ 2.5 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. എന്നാൽ ഈ പ്രവൃത്തി ഇതുവരെയും ആരംഭിച്ചിരുന്നില്ല.
2020 മാർച്ചിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പാവറട്ടി പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ ബന്ധപ്പെട്ടവരുടെ യോഗം ചേർന്ന് പുറമ്പോക്ക് ഭൂമിയുണ്ടെങ്കിൽ അത് കണ്ടെത്താനായി പുളിഞ്ചേരിപ്പടി മുതൽ കാശ്മീർ റോഡ് വരെയും, പാവറട്ടി കൾച്ചറൽ ഓഡിറ്റോറിയം മുതൽ കോൺവെന്റ് സ്‌കൂൾ വരെയും സർവേ നടത്തി അതിർത്തി നിർണയിക്കാനും സർവേ സ്‌കെച്ച് കിട്ടിയതിനുശേഷം എസ്റ്റിമേറ്റ് സമർപ്പിക്കാനും തീരുമാനിച്ചിരുന്നു. അതനുസരിച്ച് സർവ്വേ ജോലികൾക്കായി 128000 രൂപയുടെ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും കരാർ ഏറ്റെടുത്തില്ല. കൊവിഡ് മൂലം സർവ്വേ നടക്കാതിരുന്നതിനാൽ ഇപ്പോൾ റീടെൻഡർ നടപടികൾ നടന്നു വരുന്നു. 2020 ഒക്ടോബറിൽ പുതിയ സർവ്വേ ടീമിനെ നിയമിച്ചിട്ടുണ്ടെന്നും സർവ്വേ പ്രവൃത്തി പൂർത്തിയായാൽ ഉടൻ കാന നിർമാണവും സിഗ്‌നലിംഗ് സംവിധാനവുമടക്കമുള്ള പ്രധാന പ്രവൃത്തികൾക്കുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി എം.എൽഎ പറത്തു.