meeting
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലക്കുടയിൽ നടന്ന നേതൃത്വ പഠന ക്യാമ്പ് എ.ഐ.സി..സി സെക്രട്ടറി ഇവാൻ ഡിസൂസ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി നേതൃത്വ ക്യാമ്പ് ചാലക്കുടിയിൽ നടന്നു. യു.ഡി.എഫിന് സംസ്ഥാനത്ത് അനുകൂല സാഹചര്യമെന്ന് എ.ഐ.സി.സി സെക്രട്ടറി ഇവാൻ ഡിസൂസ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുടെ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൃശൂർ ജില്ലയിലെ എല്ലാ സീറ്റുകളും ഇക്കുറി പിടിക്കാൻ കഴിയണം. സംസ്ഥാനത്തെ അനുകൂലമായ കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് താഴെത്തട്ടു മുതലുള്ള നേതൃത്വം സജീവമാകണമെന്നും സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള ഇവാൻ ഡിസൂസ പറഞ്ഞു.

എൻ.ഡി.എയ്ക്ക് കേരളത്തിൽ ഒരു നേട്ടവുമുണ്ടാക്കാനാകില്ല. എൽ.ഡി.എഫ് സർക്കാരാകട്ടെ അഴിമതിയിൽപ്പെട്ട് ജനങ്ങളിൽ നിന്നും അകന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഹാളിൽ നടന്ന യോഗത്തിൽ
ജില്ലാ പ്രസിഡന്റ് എം.പി. വിൻസെന്റ് അദ്ധ്യക്ഷനായി.

ടി.എൻ. പ്രതാപൻ എം.പി, ജോസഫ് ചാലശ്ശേരി, എം.ആർ. അഭിലാഷ്, ഒ. അബ്ദു റഹ്മാൻകുട്ടി, ജോസ് വള്ളൂർ, പി.ജെ. സനീഷ് കുമാർ, മുത്തലിഫ്, വി.ഒ. പൈലപ്പൻ, ജോൺ ഡാനിയൻ, എ. പ്രസാദ്, ഷാജി കോടങ്കണ്ടത്, എബി ജോർജ്ജ് എന്നിവർ സംസാരിച്ചു.