ഗുരുവായൂർ: പ്രവർത്തിക്കുന്നവരെ പരിഗണിക്കാതെ നേതാക്കളുടെ പെട്ടിയെടുക്കുന്നവർക്ക് സ്ഥാനങ്ങൾ കൊടുക്കുന്നുവെന്നത് താഴെ തട്ടിൽ പ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നുവെന്ന് കെ. മുരളീധരൻ എം.പി. മുൻ എം.എൽ.എ: വി. ബാലറാമിന്റെ സ്മരാണാർത്ഥം രൂപീകരിച്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുമ്പൊക്കെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നാണ് സ്ഥാനാർത്ഥികളെ കെട്ടിയിറക്കിയിരുന്നതെങ്കിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.ഐ.സി.സിയിൽ നിന്നുവരെ സ്ഥാനാർത്ഥികളെ കെട്ടിയിറക്കുന്നതാണ് കാണാൻ സാധിച്ചത്. നേതാക്കൻമാർ പറഞ്ഞത് കേട്ടതിന്റെ പേരിലാണ് ഇപ്പോ ചില ഡി.സി.സി പ്രസിഡന്റുമാരുടെ സ്ഥാനം തെറിക്കാൻ പോകുന്നത്. രോഗം കണ്ട് പിടിച്ച് ചികിത്സിക്കുന്നതിന് പകരം ചില മുറിവൈദ്യൻമാരുടെ ലാഡചികിത്സയാണ് ഇപ്പോൾ നടത്തുന്നത്. ഇതുകൊണ്ടൊന്നും അസുഖം മാറില്ലെന്നും മുരളീധരൻ കൂട്ടിചേർത്തു.
കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും കാലത്തും ഇവിടെ ഗ്രൂപ്പൊക്കെ ഉണ്ടായിരുന്നുവെങ്കിലും പാർട്ടിയുടെ കാര്യം വരുമ്പോൾ അവർ ഒന്നായിരുന്നുവെന്നും മുരളി പറഞ്ഞു. ട്രസ്റ്റ് പ്രസിഡന്റ് സി.എ. ഗേപപ്രതാപൻ അദ്ധ്യക്ഷനായി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ.പി.സി.സി ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദും, വിദ്യാഭ്യാസ സഹായ വിതരണം മുൻ എം.എൽ.എ: ടി.വി. ചന്ദ്രമോഹനും ചികിത്സാ സഹായവിതരണം മുൻ എം.എൽ.എ: ടി.യു. രാധാകൃഷ്ണനും നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി, പി.കെ. അബൂബക്കർ ഹാജി, സി.എച്ച്. റഷീദ്, വി. വേണുഗോപാൽ, ടി.എസ്. അജിത്, ടി.എൻ. മുരളി, ജി.കെ. പ്രകാശ്, ആർ. ജയകുമാർ, അരവിന്ദൻ പല്ലത്ത്, വി.കെ. ജയരാജൻ, ശിവൻ പാലിയത്ത് എന്നിവർ സംസാരിച്ചു.