തൃശൂർ: സംസ്ഥാനത്തെ മൂന്നാമത്തേതും മദ്ധ്യകേരളത്തിലെ ആദ്യത്തേതുമായ സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളത്ത് യാഥാർത്ഥ്യമാകുന്നു. തിരുവനന്തപുരത്തെ ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളും കണ്ണൂരിലെ സ്‌പോർട്‌സ് ഡിവിഷനും ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ സ്‌പോർട്‌സ് ഡിവിഷനെന്ന പ്രത്യേകതയും കുന്നംകുളത്തിനുണ്ട്. കുന്നംകുളം ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രമാക്കിയാണ് സ്‌പോർട്‌സ് ഡിവിഷൻ.
സ്‌പോർട്‌സ് ഡിവിഷനിലേക്കുള്ള പ്രവേശനം ഈ വർഷം തന്നെ ആരംഭിക്കും. സ്‌പോർട്‌സ് ഡിവിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുന്നംകുളത്ത് തദ്ദേശ സ്വയംഭരണ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ഉന്നത ഉദ്യോഗസ്ഥതലത്തിലുളള യോഗത്തിലാണ് തീരുമാനം. ഏഴ്, എട്ട് ക്ലാസുകളിലായി 30 വീതം വിദ്യാർത്ഥികളെ ഉൾക്കൊള്ളിച്ചുള്ളതാണ് പ്രഥമ ഡിവിഷൻ. ഇതിനാവശ്യമായ പരിശീലകരെയും ജീവനക്കാരെയും നിയമിക്കാൻ നടപടി ആരംഭിച്ചതായും കായിക ഉപകരണങ്ങളും സ്‌പോർട്‌സ് കിറ്റും തയ്യാറായതായും കായിക വകുപ്പ് അറിയിച്ചു.
ഫുട്‌ബാൾ, ജൂഡോ, ബോക്‌സിംഗ്, വെയ്റ്റ് ലിഫ്ടിംഗ് എന്നിവയാണ് ആദ്യഘട്ടത്തിൽ സ്‌പോർട്‌സ് ഡിവിഷനിലുള്ള കായിക ഇനങ്ങൾ. അടുത്ത വർഷത്തിൽ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി 7 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന സിന്തറ്റിക് ട്രാക്ക് കൂടി ഉൾപ്പെടുത്തി അത്‌ലറ്റിക്‌സും ഭാഗമാക്കും. വിവിധ ടെൻഡർ നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കും. കുട്ടികൾക്കു താമസിക്കാനുള്ള സൗകര്യം, അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കു പുറമെ സിന്തറ്റിക് ട്രാക്കിന്റെ ടെൻഡർ നടപടികളും ആയിട്ടുണ്ട്.
24 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഗവ. ബോയ്‌സ് സ്‌കൂളിലെ സൗകര്യങ്ങൾ സ്‌പോർട്‌സ് ഡിവിഷനു കൂടി പ്രയോജനപ്പെടുത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സ്‌പോർട്‌സ് ഡിവിഷന്റെ തയ്യാറെടുപ്പുകൾക്കായി 5 കോടി രൂപയുടെ നിർമാണ പ്രവൃത്തികളാണ് സർക്കാർ ഇതിനകം പൂർത്തിയാക്കിയത്. കായിക പ്രതിഭകളുടെ ആരോഗ്യ സംരക്ഷണത്തിനായി കായിക ആരോഗ്യ കേന്ദ്രവും ഇവിടെ ആരംഭിക്കും.
400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം
ഡ്രെയിനേജ് സംവിധാനത്തോട് കൂടിയ പുൽമൈതാനിയും അനുബന്ധ സൗകര്യങ്ങളും
കുട്ടികൾക്ക് പ്രാക്ടീസ് ചെയ്യാനുള്ള രണ്ട് ഇടത്തരം കളിസ്ഥലങ്ങൾ
ബാസ്‌കറ്റ് ബാൾ പരിശീലനത്തിനായി കുന്നംകുളം നഗരസഭാ ഇൻഡോർ സ്റ്റേഡിയം
ഇൻഡോർ സ്റ്റേഡിയത്തിനടുത്ത് കുട്ടികൾക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങൾ
ബാസ്‌കറ്റ് ബോളിനും മറ്റ് കായികയിനങ്ങൾക്കും പേരുകേട്ട നഗരമാണ് കുന്നംകുളം. ജില്ലയിലെ തന്നെ പ്രധാന ബാസ്‌കറ്റ്‌ബോൾ കോർട്ടായ ജവഹർ സ്റ്റേഡിയവും കുന്നംകുളത്താണ്. നിരവധി കായികതാരങ്ങൾ ഈ നഗരത്തിൽ നിന്ന് പിറവിയെടുത്തിട്ടുണ്ട്.