തൃശൂർ: തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ഒരു ടണലെങ്കിലും പണി പൂർത്തീകരിച്ച് തുറന്ന് കൊടുക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എയും ചീഫ് വിപ്പുമായ കെ. രാജൻ ഹൈക്കോടതിയെ സമീപിച്ചു.
ഹർജിയിൽ ജസ്റ്റിസ് പി.വി ആശ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം തേടി. കുതിരാനിൽ വാഹാനാപകടങ്ങൾ തുടരുന്നതും കോടതി പരാമർശിച്ചു. അടിയന്തരമായി പണി പൂർത്തീകരിക്കാൻ കോടതി മേൽനോട്ടത്തിലുള്ള റിസീവറെ നിയമിക്കണം. ദേശീയപാത അതോറിറ്റിയോട് എത്രയും വേഗം തീരുമാനമറിയിക്കാനും ഒരു അഭിഭാഷക കമ്മിഷനെ നിയോഗിച്ച് സ്ഥലം സന്ദർശിച്ച് ന്യൂനതകളും അപാകതകളും റിപ്പോർട്ട് ചെയ്യാനും ഹർജിയിൽ പറയുന്നു.
കരാർ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും മറ്റ് വിഷയങ്ങളെയും കുറിച്ച് അന്വേഷണ റിപ്പോർട്ട് തേടാനും കോടതിയുടെ മേൽനോട്ടത്തിൽ പണി അടിയന്തരമായി പൂർത്തീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് വ്യക്തമാകുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.
എം.എൽ.എയുടെ നടപടി കണ്ണിൽ പൊടിയിടലെന്ന് ഷാജി കോടങ്കണ്ടത്ത്
തൃശൂർ: കഴിഞ്ഞ അഞ്ച് വർഷമായി കുതിരാൻ തുരങ്കത്തെ സംബന്ധിച്ചോ മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയുടെ ശോച്യാവസ്ഥ സംബന്ധിച്ചോ നിയമ നടപടി കൈക്കൊള്ളാനോ പട്ടിക്കാടെത്തിയപ്പോൾ മുഖ്യമന്ത്രിയെ കൊണ്ട് കുതിരാൻ സന്ദർശിപ്പിക്കുവാനോ മുതിരാത്ത ഒല്ലൂർ എം.എൽ.എ ഇലക്ഷന് ഒരു മാസം മുമ്പ് കുതിരാൻ തുരങ്കം തുറക്കുവാനായി കോടതിയിൽ ഹർജി കൊടുത്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കെ.പി.സി.സി. സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ആരോപിച്ചു. സുരക്ഷാ മാനദണ്ഡം പാലിക്കാത്തതിനെ സംബന്ധിച്ച് താൻ നൽകിയ കേസിൽ നടപടികൾ നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.