തൃശൂർ: മിമിക്രി ജനകീയമായി പൊതുവിടങ്ങളിൽ അവതരിപ്പിക്കപ്പെടുമ്പോഴും സംഗീത നാടക അക്കാഡമിയുടേയും സാംസ്‌കാരിക വകുപ്പിന്റെയും അംഗീകാരമില്ലാത്തതിനാൽ കലാകാരന്മാർ പ്രതിസന്ധിയിൽ. അംഗീകാരത്തിനായി സമർപ്പിച്ച അപേക്ഷകളിൽ പരസ്പരം ചുമതല കൈമാറി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിവാകുകയാണ് വകുപ്പും അക്കാഡമിയും.
സ്‌കൂൾ കലോത്സവ വേദികളിലെ പ്രധാന ഇനമാണ് മിമിക്രി. മലയാളത്തിലെയും അന്യഭാഷകളിലെയും സംവിധായകർ, ദേശീയ അവാർഡ് താരങ്ങൾ, എഴുത്തുകാർ, സംഗീത സംവിധായകർ തുടങ്ങി വിവിധ മേഖലയിലുള്ള നിരവധി പേർ മിമിക്രിയിലൂടെ വളർന്ന് വന്നവരുമാണ്. അംഗീകാരങ്ങളില്ലാത്തതിനാൽ മിമിക്രി ഉപജീവന മാർഗമായി സ്വീകരിക്കാൻ പുതുതലമുറയിലുള്ളവർ മടിക്കുകയാണെന്ന് മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ (മാറ്റ്) ചൂണ്ടിക്കാട്ടുന്നു. പലരും മേഖലയെ കൈയൊഴിഞ്ഞ് പോകുന്നുമുണ്ട്.
അംഗീകാരമില്ലാത്തതിനാൽ സാംസ്‌കാരിക വകുപ്പ് നൽകുന്ന അംഗീകാരങ്ങളും ആനുകൂല്യങ്ങളും മിമിക്രി കലാകാരന്മാർക്ക് അന്യമാകുന്നു. സംഗീത നാടക അക്കാഡമിയിലൂടെ ലഭിക്കുന്ന ഫെല്ലോഷിപ്പുകൾ, അവാർഡുകൾ, പ്രശസ്തി പത്രങ്ങൾ, സാംസ്‌കാരിക വകുപ്പിലെ പ്രാതിനിധ്യം, തൊഴിലുകൾ, പെൻഷൻ തുടങ്ങിയവയൊക്കെ മിമിക്രി കലാകാരന്മാർക്ക് നഷ്ടമാകുകയുമാണ്. ജില്ലയിൽ മിമിക്രി ഉപജീവനമാർഗമായി 150 ലേറെ കലാകാരന്മാരാണുള്ളത്. മിമിക്രി കലാകാരൻമാർക്ക് കൊവിഡ് ദുരിതകാലത്ത് ആകെ ലഭിച്ചത് 2000 രൂപ മാത്രമാണ്.
നിയമസഭയിൽ സബ്മിഷനായി
മിമിക്രി കലാകാരന്മാർക്ക് സാംസ്‌കാരിക വകുപ്പ് അംഗീകാരം നൽകണമെന്ന വിഷയം ചാലക്കുടി എം.എൽ.എ ബി.ഡി ദേവസി നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. സംഗീത നാടക അക്കാഡമിയിൽ നിന്ന് ഇതുവരെ ശുപാർശകളൊന്നും ലഭിച്ചില്ലെന്നും ലഭിച്ചാൽ നിയമഭേദഗതിപരിഗണിക്കാമെന്നും മന്ത്രി എ.കെ ബാലൻ അറിയിച്ചിരുന്നു.
മിമിക്രി കലാകാരന്മാർക്ക് മറ്റ് കലാകാരന്മാരെ പോലെ അംഗീകാരം ആവശ്യമാണെന്ന് തന്നെയാണ് അക്കാഡമി നിലപാട്. വിഷയത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണ്. സർക്കാർ തലത്തിൽ നിർദ്ദേശം ലഭിച്ചാൽ അക്കാഡമി ഉചിത നടപടി സ്വീകരിക്കും.
കെ.പി.എ.സി ലളിത
ചെയർപേഴ്‌സൺ
സംഗീത നാടക അക്കാഡമി.