pullazhy

തൃശൂർ: പ്രചാരണ രംഗത്ത് വീറും വാശിയും നിറഞ്ഞു നിന്ന കോർപറേഷൻ പുല്ലഴി ഡിവിഷൻ തിരഞ്ഞെടുപ്പ് നാളെ നടക്കും. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ പുലർത്തുന്ന ഡിവിഷനിൽ അവസാനവട്ട പ്രചാരണത്തിലാണ് എല്ലാവരും. ശബ്ദപ്രചാരണം ഇന്നലെ അവസാനിച്ചു.

മൂന്ന് മണിയോടെ വാദ്യമേളങ്ങൾ, ബൈക്ക് റാലികൾ എന്നിവയുമായി ഡിവിഷൻ മുഴുവൻ പര്യടനം നടത്തി ആഘോഷപൂർവമായിരുന്നു കൊട്ടിക്കലാശം. മൂന്ന് മുന്നണികളും സംസ്ഥാന -ജില്ലാ നേതാക്കളെ പങ്കെടുപ്പിച്ചായിരുന്നു ശബ്ദ പ്രചാരണം അവസാനിപ്പിച്ചത്. യു.ഡി.എഫിന്റെ കുത്തക മണ്ഡലം എന്ന നിലയിലായിരുന്നു പുല്ലഴിയെ കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ തവണ സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തതോടെ ചിത്രം മാറി. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എ ഡിവിഷനിൽ മുന്നിലെത്തിയത് അവർക്കും ആത്മവിശ്വാസം പകരുന്നു. വ്യക്തിബന്ധങ്ങൾ ഉള്ളവരാണ് മൂന്നു സ്ഥാനാർത്ഥികളും. മുൻ കൗൺസിലർ കൂടിയായ കെ. രാമനാഥനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയെങ്കിൽ മുൻ കോൺഗ്രസുകാരനായ അഡ്വ. മഠത്തിൽ രാമൻ കുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സന്തോഷ് പുല്ലഴിയാണ് എൻ.ഡി.എയുടെ സ്ഥാനാർത്ഥി. ഇന്ന് വൈകിട്ട് അഞ്ച് വരെയാണ് ശബ്ദ പ്രചാരണം. ഇന്ന് നിശബ്ദ പ്രചാരണം നടത്തി പരമാവധി വോട്ട് പോക്കറ്റിലാക്കാനുള്ള പ്രവർത്തനമാണ് മൂന്ന് മുന്നണികളും നടത്തുന്നത്.

എൽ.ഡി.എഫ്


സ്ഥാനാർത്ഥി അഡ്വ. മഠത്തിൽ രാമൻകുട്ടിയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ബൈക്ക് റാലിക്ക് ശേഷം ലക്ഷ്മി മിൽ പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ച് നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ വാദ്യമേളങ്ങളോട് കൂടി വടക്കുംമുറിയിൽ സമാപിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ഷാജൻ, കൗൺസിലർമാർ, എരിയ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊട്ടിക്കലാശം.

യു.ഡി.എഫ്


യു.ഡി.എഫ് സ്ഥാനാർത്ഥി കെ. രാമനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം വായനശാല പരിസരത്തായിരുന്നു. ചെണ്ട മേളം, ബൈക്ക് റാലി, പ്രകടനം എന്നിവയോടെയായിരുന്നു സമാപനം. ടി.എൻ പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, കെ.പി.സി.സി സെക്രട്ടറി എ. പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

എൻ.ഡി.എ


എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് പുല്ലഴിയുടെ കൊട്ടിക്കലാശം ബൈക്ക് റാലിയോടെയായിരുന്നു. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥിക്ക് ഒപ്പം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌ കുമാർ എന്നിവരുമുണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് കാർത്തികേയൻ, കൗൺസിലർമാർ എന്നിവരും നേതൃത്വം നൽകി.