തൃശൂർ: ഭവനരഹിതർക്ക് സ്വന്തം കൂടൊരുക്കുന്ന ലൈഫ് മിഷനിൽ 80.2 ശതമാനം ലക്ഷ്യം കൈവരിച്ച് തൃശൂർ. മിഷൻ നിലവിൽ വന്ന് മൂന്ന് ഘട്ടങ്ങളിലായി ജില്ലയിൽ 17,423 വീടുകളാണ് പൂർത്തിയായത്. മാർച്ചിനകം 776 കുടുംബങ്ങളുടെ കൂടി ഗൃഹപ്രവേശം നടത്താനുള്ള ശ്രമത്തിലാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിൽ പദ്ധതി നടപ്പാക്കിയത്.
മറ്റ് വകുപ്പുകളിലൂടെ 2,230 ഭവനങ്ങളും ലൈഫ് മിഷന്റെ ഭാഗമായി പൂർത്തീകരിച്ചു. പട്ടികജാതി, പട്ടികവർഗം, ഫിഷറീസ് വകുപ്പുകൾ സ്വന്തം നിലയ്ക്ക് കരാറിലേർപ്പെട്ടും ഭവനം നിർമ്മിച്ചു.
ആദ്യഘട്ടത്തിൽ പാതിവഴിയിൽ നിലച്ചവ
വിവിധ പദ്ധതികളിലായി പാതിവഴിയിൽ നിർമാണം പിന്നിട്ട വീടുകളുടെ പൂർത്തീകരണമായിരുന്നു ഒന്നാംഘട്ടം. 2016 - 17 ന് മുമ്പ് വിവിധ സർക്കാർ വകുപ്പുകൾ വഴിയോ തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ ധനസഹായം ലഭിച്ച് തുടങ്ങി. 3,073 പേരുമായി കരാർ വെച്ച് 2,995 ഭവനങ്ങൾ പൂർത്തീകരിച്ചു. 78 വീടുകൾ നിർമാണത്തിന്റെ അന്തിമഘട്ടത്തിലാണ്.
രണ്ടാംഘട്ടം സ്വന്തമായി ഭൂമിയുള്ളവർക്ക്
രണ്ടാംഘട്ടം രണ്ട് രീതിയിലാണ് നടപ്പാക്കിയത്. ഹഡ്‌കോ, സംസ്ഥാന സർക്കാർ വിഹിതം, തദ്ദേശ സ്ഥാപന വിഹിതം എന്നിവ ഉപയോഗിച്ചുള്ള പഞ്ചായത്ത് തല പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെയും കേന്ദ്രസംസ്ഥാന സർക്കാരുകളുടെയും വിഹിതമുള്ള ബ്ലോക്ക് തലത്തിലെയും നഗരസഭകളിലേയും ലൈഫ് പി.എം.എ.വൈ (ഗ്രാമീൺ ), ലൈഫ് പി.എം.എ.വൈ (നഗരം) എന്നീ പദ്ധതികൾ. ഇതിൽ ആദ്യത്തെ പദ്ധതിയിൽ 4,778 പേരുടെ പൂർത്തീകരിച്ചു. 905 എണ്ണം പുരോഗമിക്കുന്നു. ലൈഫ് പി.എം.എ.വൈ (ഗ്രാമീൺ ) പദ്ധതിയിൽ 1527 പേരുടെ ഭവന നിർമ്മാണം പൂർത്തിയാക്കി. 170 പേരുടെ ഭവന നിർമ്മാണം പുരോഗമിക്കുന്നു. ലൈഫ് പി.എം.എ.വൈ ( നഗരം) പദ്ധതിയിൽ 5,579 പേരുടെ ഭവന നിർമ്മാണം പൂർത്തിയാക്കി. 1,955 പേരുടെ ഭവന നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.
മൂന്നാംഘട്ടം വടക്കാഞ്ചേരി ചരൽപ്പറമ്പിലെ ഫ്‌ളാറ്റ് ഉൾപ്പെടെ
ഭൂരഹിത ഭവന രഹിത ഗുഭോക്താക്കൾക്കുള്ള മൂന്നാംഘട്ടത്തിൽ രണ്ടു രീതികളുണ്ട്. പാർപ്പിട സമുച്ചയങ്ങൾ, ഭൂമി വാങ്ങുന്നതിനും ഭവന നിർമാണത്തിനും ധനസഹായം എന്നിവയാണ് ഈ രണ്ടു രീതികൾ. ആദ്യത്തെ വിഭാഗത്തിൽ 20 സ്ഥലങ്ങളിലായി ആകെ 39. 32 ഏക്കർ ഭൂമി ലഭിച്ചിട്ടുണ്ട്. ഇതിൽ വടക്കാഞ്ചേരി നഗരസഭയിലെ ചരൽ പറമ്പിൽ 140 പേർക്ക് താമസിക്കാവുന്ന തരത്തിലുള്ള ഫ്‌ളാറ്റുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പഴയന്നൂരിൽ സഹകരണ വകുപ്പിന്റെ സഹകരത്തോടെ 36 ഫ്‌ളാറ്റുകൾ നിർമ്മിക്കുന്നുണ്ട്. കാറളം പഞ്ചായത്തിൽ 72 ഫ്‌ളാറ്റുകളുടെ നിർമ്മാണം ആരംഭിച്ചു. രണ്ടാം രീതിയിൽ ഭൂമി വാങ്ങുന്നതിന് ധനഹായം നൽകുന്നതിന്റെ ഭാഗമായി 783 പേരുമായി കരാറിൽ ഏർപ്പെട്ടു.
മറ്റ് വകുപ്പുകൾ വഴിയുള്ളത്
പട്ടികജാതി വികസന വകുപ്പ്
പട്ടികവർഗം
ഫിഷറീസ് വകുപ്പ്