വാടാനപ്പിള്ളി: ചേറ്റുവ കോട്ടയുടെ സംരക്ഷണ വികസന പദ്ധതി രണ്ട് ഘട്ടങ്ങളിലായി ഉദ്ഘാടനം നടന്നെങ്കിലും കോട്ട ഇപ്പോഴും പഴയപടി പൊന്തക്കാടുകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. ചരിത്രപ്രസിദ്ധമായ കോട്ടയുടെ ഒന്നാം ഘട്ടം സംരക്ഷണ പദ്ധതി 60 ലക്ഷം രൂപയുടെ ഭരണാനുമതിയോടെ 2010ൽ അന്നത്തെ എം.എൽ.എ ടി.എൻ പ്രതാപന്റെ അദ്ധ്യക്ഷതയിൽ ഫിഷറീസ് മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. തുടർന്ന് പണി ആരംഭിച്ചു. കോട്ടയുടെ കുറച്ച് ഭാഗം കരിങ്കൽ ഭിത്തി കെട്ടി. ഓഫീസ് മുറിയുടെ പണി പൂർത്തീകരിക്കാതെ കോട്ടയുടെ കാടുകൾ വെട്ടിമാറ്റി കരാറുകാരൻ പണി നിറുത്തിവെച്ച് സ്ഥലം വിട്ടു. വീണ്ടും കോട്ടയിൽ കാടു കയറി. തുടർന്ന് 2019 ഫെബ്രുവരി 25ന് തുറമുഖ വകുപ്പുമന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളി 1.15 കോടി രൂപ ചെലവിൽ പദ്ധതിയുടെ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നിലവിലെ എം.എൽ.എ കെ.വി അബ്ദുൾ ഖാദറായിരുന്നു അദ്ധ്യക്ഷത വഹിച്ചത്. എന്നാൽ ഉദ്ഘാടനത്തിന് ശേഷം കിടങ്ങിന് ചുറ്റും ബാക്കി പണിയാൻ ഉണ്ടായിരുന്ന ഭാഗം കരിങ്കൽ ഭിത്തി കെട്ടി. കോട്ടയിലേക്ക് കടക്കാൻ പാലവും ഗെയ്റ്റും പണി തീർത്തു. എന്നാൽ വീണ്ടും കോട്ട പഴയ പടിയിലായി. പൊന്തക്കാടുകൾ വളർന്നു. കോട്ടയുടെ ചരിത്രം പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾ കോട്ടക്കുള്ളിലേക്ക് കടക്കാൻ സാധിക്കാതെ നിരാശരായി മടങ്ങുകയാണിപ്പോൾ.
.