തൃശൂർ: വർഷങ്ങളുടെ മുറവിളികൾക്ക് ശേഷം യാഥാർത്ഥ്യമാക്കിയ ദിവാജി മൂല മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് പൊളിച്ചു, യാത്രക്കാർ ദുരിതത്തിൽ. റോഡിനടിയിലെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് വരികയും കുഴി രൂപപ്പെടുകയും ചെയ്തതോടെയാണ് റോഡ് പൊളിക്കേണ്ടി വന്നത്.

ടാറിംഗ് പൂർത്തിയായി എതാനും ദിവസം കഴിയും മുമ്പ് തന്നെ പൈപ്പ് പൊട്ടി റോഡിൽ വെള്ളം നിറഞ്ഞിരുന്നു. റോഡ് നിർമ്മാണം നടക്കുമ്പോൾ അടിയിലൂടെ പോകുന്ന കുടിവെള്ള പൈപ്പിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്താതെ നിർമ്മാണം നടത്തിയതാണ് റോഡ് വീണ്ടും കുത്തിപ്പൊളിക്കേണ്ട സാഹചര്യം ഉണ്ടായത്.

മാസങ്ങളോളം ഈ ഭാഗം പൊളിച്ചെടുകയും കാന ഉൾപ്പെടെ നിർമ്മിച്ചിട്ടും കുടിവെള്ളപൈപ്പിന്റെ സുരക്ഷിതത്വം വേണ്ട രീതിയിൽ ചെയ്തിരുന്നില്ല. ഇന്നലെ രാവിലെ മുതലാണ് ലക്ഷങ്ങൾ ചെലവഴിച്ച് ആഴ്ചകൾക്ക് മുമ്പ് നിർമ്മിച്ച ദിവാജി മൂലം മേൽപ്പാലത്തിന്റെ പൂത്തോൾ ഭാഗത്തേക്ക് പോകുന്ന റോഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു തുടങ്ങിയത്.