വടക്കാഞ്ചേരി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എൻ. വൈശാഖിനെ മത്സരിപ്പിക്കാനായി യൂത്ത് കോൺഗ്രസ് പട്ടി കയിൽ പേര് ഉൾപ്പെടുത്തി നേതൃത്വത്തിന് കൈമാറി. ഇതിനിടെ അനിൽ അക്കര എം.എൽ.എയ്ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസിലെ മുതിർന്ന നേതാവ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ചു.

നിയോജക മണ്ഡലം മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ എസ്.എസ്.എ. ആസാദാണ് പരാതി നൽകിയത്. വിവാദത്തിന് പിന്നാലെ പോകുന്ന എം.എൽ.എയുടെ നടപടി നിയോജക മണ്ഡലത്തെ വലിയ പരാജയത്തിലേക്ക് നയിക്കുമെന്നാണ് കത്തിലെ ആരോപണം. തദ്ദേശ തിരഞ്ഞെടുപ്പിൽ എം.എൽ.എയുടെ സ്വന്തം വാർഡും തൊട്ടടുത്ത രണ്ടു വാർഡുകളും ബി.ജെ.പി പിടിച്ചെടുത്തു. കോൺഗ്രസ് ഭരണം ഉണ്ടായിരുന്ന അടാട്ട് ഫാർമേഴ്‌സ് ബാങ്കിന്റെ ഭരണം നഷ്ടപ്പെട്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആരോപണ വിധേയരായവരെ മാറ്റിനിറുത്തി വലിയൊരു അഴിച്ചുപണി സംഘടനാ തലത്തിൽ നടത്തി. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ നേതൃത്വം നടപടി സ്വീകരിക്കണമെന്നും ആസാദ് കെ.പി.സി.സി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.