ചാവക്കാട്: നഗരസഭാ പ്രൈവറ്റ് സ്റ്റാൻഡിൽ കൊവിഡ് പരിശോധന നടത്തുന്നതിന് കിയോസ്‌ക് സ്ഥാപിക്കാൻ ഭരണാനുമതി. നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പുതിയ ഭരണസമിതിയുടെ പ്രഥമ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭയിൽ നടപ്പാക്കിയ നിലാവ് പദ്ധതി ഇരുട്ട് പദ്ധതിയായെന്ന് കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ വിമർശനം ഉന്നയിച്ചു.
നിലാവിന്റെ ഭാഗമായി സ്ഥാപിച്ച തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും കേടുവന്നാൽ നന്നാക്കുന്നില്ലെന്നുമായിരുന്നു ആരോപണം. വർഷത്തിൽ 20 ലക്ഷം രൂപ കരാറുകാരന് അറ്റകുറ്റപ്പണിക്കായി നൽകുന്നുണ്ടെങ്കിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് യു.ഡി.എഫ് അംഗങ്ങൾ വിമർശനം ഉന്നയിച്ചു. എൽ.ഇ.ഡി വിളക്കുകൾ നാശമായാൽ പകരം സി.എഫ്.എൽ. വിളക്കുകളാണ് ഇടുന്നതെന്നും കേടായ വിളക്കുകൾ 48 മണിക്കൂറിനകം മാറ്റിസ്ഥാപിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും ആഴ്ചകൾ കഴിഞ്ഞാലും വിളക്കുകൾ മാറ്റുന്നില്ലെന്നും അംഗങ്ങൾ ആരോപിച്ചു.
വിഷയത്തിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ മറുപടി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും തെരുവുവിളക്കുകൾ എൽ.ഇ.ഡിയാക്കുന്നതിന് സർക്കാർ തലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് 'നിലാവ്'. ചില വാർഡുകളിൽ മാത്രമാണ് വിളക്കുകൾ കത്താത്തതെന്നും മറ്റിടങ്ങളിൽ പ്രശ്‌നമില്ലെന്നും എൽ.ഡി.എഫ്. അംഗം എം.ആർ. രാധാകൃഷ്ണൻ പറഞ്ഞു. നഗരസഭാ പരിധിയിലെ ഇലക്ട്രീഷ്യൻമാർക്ക് താത്കാലിക നിയമനം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്ന യു.ഡി.എഫ് നിർദേശം പരിഗണിക്കാമെന്ന് നഗരസഭാ അദ്ധ്യക്ഷ പറഞ്ഞു.
നഗരസഭയുടെ 2021- 22 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് വർക്കിംഗ് ഗ്രൂപ്പും വാർഡ് സഭകളും ചേരാൻ തീരുമാനിച്ചു. വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്ക് ലഭിച്ച 20 ലക്ഷം രൂപയുടെ ഓഫറുകൾ അംഗീകരിച്ചു. നഗരസഭിലെ ശുചീകരണ ജീവനക്കാരുടെ എണ്ണം ഇരുപതിൽ നിന്ന് ആനുപാതികമായി ഉയർത്താൻ സർക്കാരിന്റെ അനുമതി തേടാനും തീരുമാനിച്ചു.
സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനായി മൂന്ന് മസ്റ്ററിംഗ് ഉപകരണങ്ങൾ വാങ്ങും. ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരം തിരിച്ച് വിപണനം ചെയ്യാൻ ക്ലീൻ കേരള കമ്പനിയുമായി കരാറിൽ ഏർപ്പെടാനും ജൈവ വൈവിദ്ധ്യ മാനേജ്‌മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.