തിരുവില്വാമല: കൊച്ചുപറക്കോട്ടുകാവിൽ മകരച്ചൊവ്വയും പൊങ്കാല മഹോത്സവവും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷിച്ചു. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകൾക്ക് മേൽശാന്തി മരുതേരിമന ശശി നമ്പൂതിരി കാർമികത്വം വഹിച്ചു. 8.30ന് പൊങ്കാല അടുപ്പ് കത്തിക്കുകയും 10.30ന് പൊങ്കാല ഭഗവതിക്ക് സമർപ്പിക്കുകയും ചെയ്തു.
അഞ്ഞൂറോളം പൊങ്കാലകൾ സമർപ്പിക്കാറുള്ളതിനു പകരം കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ പരിമിതമായ അടുപ്പുകൾ മാത്രമാണ് സജ്ജീകരിക്കാൻ സാധിച്ചത്. പൊങ്കാല സമർപ്പിക്കാൻ കഴിയാത്ത ഭക്തർക്ക് ഭഗവതിക്ക് നിവേദിച്ച പൊങ്കാല പ്രസാദം നൽകുകയും ചെയ്തു. തുടർന്ന് പ്രഭാത ഭക്ഷണ വിതരണവും നടന്നു.
വൈകീട്ട് നിറമാല, ചുറ്റുവിളക്ക് എന്നിവയും സംഘടിപ്പിച്ചു. ആഘോഷങ്ങൾക്ക് പടിഞ്ഞാറ്റുമുറി ദേശം സെക്രട്ടറി ടി. വാസുദേവൻ നായർ, പ്രസിഡന്റ് പി. രാംകുമാർ, ട്രഷറർ പ്രകാശ് കഞ്ഞുള്ളി, മറ്റു കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.