തൃശൂർ : ഇതുവരെ 2008 ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. കൊവിഡ് 19 വാക്സിനേഷനായി കൊ വിൻ ആപ്ലിക്കേഷൻ പട്ടികയിൽ പേര് വന്ന 897 പേരിൽ 759 പേർ തിങ്കളാഴ്ച വാക്സിൻ സ്വീകരിച്ചു. വ്യാഴാഴ്ച മുതൽ ചാലക്കുടി താലൂക്ക് ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ദയ ആശുപത്രി, തൃശൂർ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവ പുതിയ വാക്സിൻ കേന്ദ്രങ്ങളായി മാറും.
വാക്സിൻ കണക്ക് ഇങ്ങനെ
ഗവ. മെഡിക്കൽ കോളേജ് 74
അമല മെഡിക്കൽ കോളേജ് 80
തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജ് 66
ജനറൽ ആശുപത്രി 98
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 85
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 100
ചാലക്കുടി താലൂക്ക് ആശുപത്രി 100
ചാവക്കാട് താലൂക്ക് ആശുപത്രി 74
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 82
540 പേർക്ക് കൊവിഡ്
തൃശൂർ: 329 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 540 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,811 ആണ്. തൃശൂർ സ്വദേശികളായ 103 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82,226 ആണ്. 76,857 പേരെയാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 512 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ നാല് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 18 പേർക്കും, രോഗ ഉറവിടം അറിയാത്ത ആറ് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ആയുർവേദ ഡോക്ടർമാർ വാക്സിനെടുത്തില്ലെന്ന
കുപ്രചാരണത്തിനെതിരെ പ്രതിഷേധം
തൃശൂർ: ആയുർവേദ ഡോക്ടർമാർ കൊവിഡ് വാക്സിനേഷൻ എടുക്കുന്നതിൽ നിന്ന് വിട്ടുനിന്നുവെന്ന തരത്തിലുളള വാർത്തകൾക്കെതിരെ പ്രതിഷേധം. കഴിഞ്ഞ ദിവസം ജില്ലാ ആയുർവേദ ആശുപത്രിയിൽ നിന്ന് കുത്തിവയ്പ്പിനായി നിശ്ചയിച്ചിരുന്നത് ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 പേർക്കാണെന്നും അതിൽ 12 പേർ ഹാജരാകുകയും രണ്ടു പേരെ ആരോഗ്യ കാരണങ്ങളാൽ തിരിച്ചയക്കുകയായിരുന്നുവെന്നും ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ (എ.എം.എ.ഐ) വ്യക്തമാക്കി.
എട്ട് പേർ ശ്വസന സംബന്ധമായ ബുദ്ധിമുട്ട് വന്നതുകൊണ്ട് ഹാജരാകാതിരുന്നതാണ്. ഇതു സംബന്ധിച്ച വിവരം വാക്സിനേഷൻ കേന്ദ്രത്തിന് നൽകിയിരുന്നു. ആയുർവേദ മേഖലയെ താറടിച്ചു കാണിക്കുന്ന ഇത്തരം ശ്രമങ്ങളോട് ശക്തമായ പ്രതിഷേധമുണ്ട്. കൊവിഡ് പ്രതിരോധത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ച ആയുർവേദ മേഖലയോട് ചെയ്യുന്ന അനീതിയാണ് ഇതെന്ന് ഇത്തരക്കാർ തിരിച്ചറിയേണ്ടതുണ്ടെന്നും എ.എം.എ.ഐ ജില്ലാ സെക്രട്ടറി ഡോ. ആർ.വി ആനന്ദ്, ജില്ലാ പ്രസിഡന്റ് ഡോ. രവി മൂസ് എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ആയുർവേദ ഡി.എം.ഒയോട് വിശദീകരണം ആവശ്യപ്പെട്ടതായുള്ള വാർത്ത ജില്ലാ മെഡിക്കൽ ഓഫീസും നിഷേധിച്ചു.
അത്തരത്തിലൊരു വിശദീകരണം ആരോടും ആവശ്യപ്പെട്ടിട്ടില്ല. ജില്ലയിലെ ആയുർവേദ ഡോക്ടർമാർക്കും ശനിയാഴ്ച ജില്ലാ ജനറൽ ആശുപത്രിയിലായിരുന്നു കുത്തിവയ്പ്പ് നിർദ്ദേശിച്ചിരുന്നത്.
ഡോ. കെ.ജെ റീന
ഡി.എം.ഒ