ചാഴൂർ: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ആളനക്കമില്ലാതെ ചാഴൂർ പഞ്ചായത്തിലെ കുടുംബശ്രീ ഉൽപന്ന സംസ്‌കരണ വിപണന കേന്ദ്രം. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് തങ്ങളുടേതായ കഴിവ് ഉപയോഗിച്ച് ആവശ്യമായ വസ്തുക്കൾ നിർമ്മിക്കാനും സ്റ്റോക്ക് ചെയ്ത് വിപണിയിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു കേന്ദ്രം സ്ഥാപിച്ചത്. പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം.

സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് രണ്ട് നിലയിൽ വ്യവസായ യൂണിറ്റ് തുടങ്ങാൻ പര്യാപ്തമായ രീതിയിൽ എല്ലാ സൗകര്യങ്ങളോടെയും കെട്ടിടം പണിതത്. നിരവധി പേർക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുമെന്ന് ഉദ്ഘാടന വേളയിൽ അധികൃതർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കുറച്ച് കാലം ചില അംഗങ്ങൾ പരിശീലനാർത്ഥം ഭക്ഷണ പദാർത്ഥങ്ങൾ ഉണ്ടാക്കിയെന്നതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും ഇവിടെ നടന്നില്ല. പിന്നീട് കേന്ദ്രം തുറക്കാനോ പ്രവർത്തനം കാര്യക്ഷമമായ രീതിയിൽ തുടർന്നു കൊണ്ടു പോകാനോ അധികാരികൾ തയ്യാറായില്ല. ഇടക്കാലത്ത് ഈ കെട്ടിടം പ്രളയ കാലത്ത് ചില കുടുംബങ്ങൾക്ക് സംരക്ഷണ കേന്ദ്രമായി. ഇപ്പോൾ ഇതിന്റെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിക്കാറായ നിലയിലാണ്. കെട്ടിടത്തോട് ചേർന്നുള്ള കിണറിന്റെ വശങ്ങൾ ഇടിഞ്ഞ് താഴ്ന്ന നിലയിലുമാണ്.

നല്ലൊരു ലക്ഷ്യത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഈ കേന്ദ്രത്തിനെ നാശത്തിലേയ്ക്ക് വലിച്ചിഴയ്ക്കാതെ സംരക്ഷിക്കണം

രാജീവ് മൂത്തേരി