gramasabha

തൃശൂർ: കൊവിഡും തുടർന്നുണ്ടായ ലോക്ഡൗണും നിയന്ത്രണങ്ങളും കാരണം ഒഴിവാക്കിയ ഗ്രാമസഭ വീണ്ടും തുടങ്ങുന്നു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഗ്രാമസഭകൾ ചേരുന്നത്. അടുത്ത 27 മുതൽ ഗ്രാമസഭകൾ വിളിച്ചു കൂട്ടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി പത്തിനകം എല്ലാ ഗ്രാമ സഭകളും പൂർത്തിയാക്കണമെന്ന നിർദ്ദേശവും ഉണ്ട്. നിയമ സഭ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം ഫെബ്രുവരി രണ്ടാം വാരത്തിൽ നിലവിൽ വരാൻ സാദ്ധ്യതയുള്ളതിനാൽ അതിനു മുമ്പ് ത്രിതല പഞ്ചായത്തുകളിലെ ബഡ്ജറ്റ് അവതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് ഗ്രാമസഭകൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. വർക്കിംഗ് ഗ്രുപ്പുകളുടെ പുന:സംഘടന, വാർഡുകളിൽ നടപ്പാക്കേണ്ട പദ്ധതികളുടെ ചർച്ചകളും ക്രോഡീകരണവും ഉണ്ടാകും. കഴിഞ്ഞ വർഷം ജനുവരിക്ക്‌ മുമ്പാണ് അവസാനമായി ഗ്രാമസഭകൾ ചേർന്നത്. പഞ്ചായത്തിരാജ് നിയമം അനുസരിച്ചു ആറു മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാമസഭകൾ വിളിച്ചു ചേർക്കണമെന്നാണ് ചട്ടം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഗ്രാമസഭ കൂടി ചേരേണ്ടത് ആയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സാധിച്ചിരുന്നില്ല. ബ്ലോക്ക്‌, ജില്ലാ തലത്തിലുള്ള വർക്കിംഗ് കമ്മിറ്റികളുടെ പുന:സംഘടനകളും വരും ദിവസങ്ങളിൽ നടക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തിരഞ്ഞെടുക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. അതു കഴിഞ്ഞാൽ പദ്ധതി നിർവഹണത്തിലേക്ക് കടക്കും. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബഡ്ജറ്റുകളായിരിക്കും ത്രിതല പഞ്ചായത്തുകളിൽ ഉണ്ടാവുക. കോർപ്പറേഷൻ ഡിവിഷൻ സഭകളും അടുത്ത ആഴ്ചയിൽ ആരംഭിക്കും.