കുന്നംകുളം: സംസ്ഥാനത്താദ്യമായി എം.എൽ.എ ഫണ്ടിൽ നിർമിക്കുന്ന കുന്നംകുളത്തെ ഹൈടെക് പൊലീസ് സ്റ്റേഷൻ്റെ നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ. മന്ത്രി എ.സി മൊയ്തീൻ്റെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നര കോടി രൂപ ചെലവിട്ടാണ് ഹൈടെക് പൊലീസ് സ്റ്റേഷൻ നിർമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് തറക്കല്ലിട്ടത്. ഒരു വർഷത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കുന്നംകുളത്തെ തൃശൂർ റോഡിലുള്ള പഴയ പൊലീസ് സ്റ്റേഷൻ പൊളിച്ചു നീക്കിയാണ് പുതിയ സ്റ്റേഷൻ പണിയുന്നത്. മൂന്ന് നിലകളിൽ ആധുനിക രീതിയിലാണ് പുതിയ സ്റ്റേഷൻ. എയർ കണ്ടീഷൻ, ലിഫ്റ്റ്, ടി.വി ഹാൾ, കോൺഫറൻസ് ഹാൾ, സന്ദർശക മുറി, വാഹന പാർക്കിംഗ്, ഗാർഡൻ, കവാടം തുടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടാവുക. നിലവിൽ ഒരു നില പില്ലറിന്റെ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. താഴത്തെ നിലയിലെ ചുമർ, മുകളിലെ നിലകളിലെ പില്ലർ പ്രവൃത്തികൾ എന്നിവ ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
തൃശൂർ റോഡിലെ സ്റ്റേഷൻ പൊളിച്ചതോടെ ഗുരുവായൂർ റോഡിലെ താൽകാലിക കെട്ടിടത്തിലാണ് സ്റ്റേഷൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. കുന്നംകുളം നഗരസഭാ എൻജിനീയറിംഗ് വിഭാഗമാണ് ഹൈടെക് പൊലീസ് സ്‌റ്റേഷൻ്റെ രൂപരേഖ തയ്യാറാക്കിയത്. വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിർമ്മാണച്ചുമതല.
--