തൃശൂർ: മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവരെ വീടുകളിലെത്തി കണ്ടെത്തി പിഴ ചുമത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
ഭക്ഷ്യസാധനങ്ങൾ കൂടുതലായി ലഭിക്കുമെന്നത് കൊണ്ടാണ് ഇത്തരം കാർഡുകൾ കൈവശം വയ്ക്കാൻ താത്പര്യപ്പെടുന്നത്.
പലരും കാർഡുകൾ സറണ്ടർ ചെയ്യാൻ തയ്യാറാകുന്നുമില്ല. ഇത്തരം കാർഡുകൾ കൈവശം വയ്ക്കുന്നവരിൽ ഭൂരിഭാഗവും അനർഹരും ആഡംബര കാറുകളിലും മറ്റും റേഷൻ കടകളിലെത്തി ഭക്ഷ്യസാധനങ്ങൾ വാങ്ങുന്നവരുമാണ്. ഓരോ താലൂക്കുകളിലും ഇതിനായി സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.
കൊവിഡ് നീങ്ങുന്നതോടെ സ്‌ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിക്കുന്ന പരാതികളിൽ മാത്രമാണ് ഇപ്പോൾ വീടുകളിൽ പോയി കാർഡ് പിടിച്ചെടുക്കുന്ന നടപടികൾ സ്വീകരിക്കുന്നുള്ളൂ.
മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾ അനർഹമായി കൈവശം വയ്ക്കുന്നവർക്ക് പിഴയിനത്തിൽ വൻതുകയാണ് നൽകേണ്ടി വരിക. ഒരു ലക്ഷം രൂപയോ അതിലധികമോ ചിലപ്പോൾ പിഴയായി ഒടുക്കേണ്ടി വരും. വാങ്ങിയ സാധനങ്ങളുടെ അളവ് കണക്കാക്കി അവയുടെ കമ്പോള വില മൊത്തമായി അത്തരക്കാരിൽ നിന്ന് ഈടാക്കും.
'' റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്തുന്ന നടപടികൾ കഴിഞ്ഞ രണ്ട് വർഷത്തോളമായി നടന്നുവരികയാണ്. കൂടുതൽ ഊർജിതപ്പെടുത്തും''
- എ. അയ്യപ്പദാസ് , ജില്ലാ സപ്ലൈ ഓഫീസർ
റേഷൻ കാർഡുകളിലെ അനർഹരെ കണ്ടെത്താൻ പുതിയ സർവേ നടത്തുകയാണ് അഭികാമ്യമെന്ന് ആൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യൻ ചൂണ്ടൽ. വീടുകളിൽ പോയി പരിശോധിച്ചാണ് റേഷൻ മാനദണ്ഡം നിശ്ചയിക്കേണ്ടത്. നിലവിൽ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് കാർഡുകൾ തയ്യാറാക്കിയിട്ടുള്ളത്. അതുമൂലം അനർഹർ പലരും കടന്നുകൂടുകയും അർഹർ പുറത്താകുകയും ചെയ്തു. പഞ്ചായത്ത് മെമ്പർമാർ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരുടെ ശുപാർശകൾ പ്രകാരവും പല അനർഹരും കയറിക്കൂടിയിട്ടുണ്ട്. അനർഹരെ കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌ക്വാഡിന് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.