തൃശൂർ: എഴുപതു വയസ് കഴിഞ്ഞ വയോധികയുടെ താമസസ്ഥലത്തെ കിണർ അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ നിന്നുള്ള മലിനജലം കാരണം മലിനപ്പെട്ട സാഹചര്യത്തിൽ വയോധികയ്ക്ക് പഞ്ചായത്ത് ഇടപെട്ട് കുടിവെള്ള കണക്‌ഷൻ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. തൃശൂർ അന്നനാട് തയ്യിൽ വീട്ടിൽ ടി.കെ. ശാന്തയ്ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് കമ്മിഷൻ കാടുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
കമ്മിഷൻ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയുടെ താമസസ്ഥലത്തിന്റെ അതിർത്തിയിലുള്ള കക്കൂസ് കുഴിയിൽ നിന്നും കിണറിലേക്ക് മലിനജലം കലർന്നതായി പഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു. കിണർ വെള്ളത്തിൽ ഇകോളി, കോളിഫോം, ഫോക്കൽ കോളിഫോം എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തി. കിണർവെള്ളം കുടിവെള്ളമായി ഉപയോഗിക്കരുതെന്ന് പരാതിക്കാരിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കക്കൂസ് കുഴി ഇതിനകം മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കിണർ വെള്ളം ഉപയോഗശൂന്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്ക് കുടിവെള്ള കണക്‌ഷൻ ഉറപ്പാക്കണമെന്ന് കമ്മിഷൻ പഞ്ചായത്തിന് നിർദ്ദേശം നൽകി.