ചാലക്കുടി: ദേശീയപാതയിൽ കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം വീണ്ടും രാഷ്ട്രീയ ബലപരീക്ഷണത്തിന് കളമാകുന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞയാഴ്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അടിപ്പാത നിർമ്മാണത്തിന് വേഗം പോരെന്ന് ചൂണ്ടിക്കാട്ടി നിർമ്മാണ സ്ഥലത്തേക്ക് മാർച്ച് നടത്തിയത്. ചാലക്കുടി എം.എൽ.എയും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന്റെ പിന്നിലെന്ന് ആരോപണവും ഇവർ ഉന്നയിച്ചു. രണ്ടു ദിവസത്തിനു ശേഷം എ.ഐ.വൈ.എഫുകാരും മാർച്ച് നടത്തി. ആവശ്യം ഒന്നുതന്നെയാണെങ്കിലും ആരോപണം എം.പി. ബെന്നി ബെഹന്നാനു നേരെയായി. അടുത്ത ഊഴം ഡി.വൈ.എഫ്.ഐയുടേതായിരുന്നു. അവരും എം.പിയെ പഴിചാരി മുദ്രാവാക്യം മുഴക്കി.
അടുത്ത ദിവസം ചാലക്കുടി നഗരസഭാ കൗൺസിലർമാർ ഒന്നടങ്കം അടിപ്പാത നിർമ്മാണ സ്ഥലത്ത് ധർണ നടത്തുമെന്ന തീരുമാനം വിഷയത്തിന് പുതിയ മാനം കൈവരാനിടയാക്കിയിട്ടുണ്ട്. എൽ.ഡി.എഫും മറ്റൊരു സമരപരിപാടിക്ക് ആലോചിക്കുന്നുണ്ട്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത കൂടിയപ്പോഴാണ് സമര പരമ്പരകളെന്നത് വിരോധാഭാസമായി. ഇപ്പോൾ ദിനം പ്രതി മുപ്പതോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നാലു ദിവസം കൂടുമ്പോൾ കോൺക്രീറ്റിംഗും നടക്കുന്നു. പടിഞ്ഞാറെ ഭാഗത്തെ ഫൗണ്ടേഷൻ മതിൽ നിർമ്മാണമാണ് പുരോഗമിക്കുന്നത്. നാൽപ്പത് മീറ്റർ നീളത്തിൽ വാൾ നിർമ്മാണം പൂർത്തിയായി. ദേശീയപാതയുടെ തെക്കു ഭാഗത്തേയ്ക്ക് മുപ്പത് മീറ്ററും ഇതുനീട്ടും. ഇരു ഭാഗത്തും അറനൂറ് മീറ്റർ നീളുന്ന ഭാഗങ്ങൾ ബോക്‌സ് വച്ചാണ് ഉറപ്പിക്കുക. ബോക്‌സുകളുടെ നിർമ്മാണവും തകൃതിയായി നടക്കുന്നുണ്ട്. ഉടനെ നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയപാതയുടെ കിഴക്കെ ഭാഗത്തേയ്ക്ക് നീങ്ങുമ്പോൾ ഗതാഗതം തിരിച്ചു വിടുന്ന പ്രശ്‌നമാണ് നിർമ്മാണ ഏജൻസികൾ ആലോചിക്കുന്നത്.