വടക്കാഞ്ചേരി: പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാര പ്രകാരം നടത്തും. പൂരം ദിവസമായ മാർച്ച് ഒന്നിന് എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ ദേശക്കാർ മൂന്നു വീതം ആനകളെ നിശ്ചിത സമയത്ത് അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിക്കും. ക്ഷേത്ര മതിൽ കെട്ടിനകത്ത് മൂന്ന ദേശക്കാരും ചേർന്ന് ഭഗവതി പൂരവും കൂട്ടി എഴുന്നെള്ളിപ്പും നടത്തും. പൂരത്തിനോട് അനുബന്ധിച്ച് സംഘടിപ്പിക്കാറുള്ള അഖിലേന്ത്യ പ്രദർശനം ഇക്കുറി ഉണ്ടായേക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രദർശനം നടത്താൻ കഴിയില്ലെന്ന് നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അറിയിച്ചു.