mmmm

അന്തിക്കാട് പഞ്ചായത്തിലെ കല്ലിട വഴിയിൽ വിവരശേഖരണവുമായി ബീറ്റ് ഓഫീസർ

അന്തിക്കാട്: സ്‌റ്റേഷൻ ലിമിറ്റിലെ 43,000 ഓളം വീടുകളുടെ ലൊക്കേഷനുൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ശേഖരിച്ച് ഒറ്റ ക്ലിക്കിൽ വെളിപ്പെടുന്ന വിധത്തിൽ എം ബീറ്റ്‌ സർവേയുമായി അന്തിക്കാട് പൊലീസ് രംഗത്ത്. പൊലീസും പൊതുജനങ്ങളുമായുമുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് എം ബീറ്റ് സർവേ.

താന്ന്യം, അന്തിക്കാട്, ചാഴൂർ, മണലൂർ, അരിമ്പൂർ എന്നീ പഞ്ചായത്തുകളിലെ വീടുകളിലാണ് അന്തിക്കാട് സ്റ്റേഷനിൽ നിന്നുള്ള ജനമൈത്രി പൊലീസ് സർവേയ്ക്കെത്തുന്നത്. വീട്ടിലുള്ളവരുടെ ആധാർ നമ്പർ, റേഷൻ കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനായാണ് ഈ സർവേ സംഘടിപ്പിക്കുന്നത്.

ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുഹൈൽ, നവീൻ എന്നിവരാണ് സർവേയ്ക്കായെത്തുക. ഓരോ വീടുകളിലെയും അംഗങ്ങളുടെ പേരുകളും മറ്റും ശേഖരിക്കുന്നുണ്ട്. അറുപത് വയസ് കഴിഞ്ഞവരുടെ വിവരങ്ങൾ, പ്രായാധിക്യത്തിലും രോഗാവസ്ഥയിലും ഒറ്റയ്ക്ക് താമസിക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പൗരത്വ രജിസ്ട്രേഷൻ എന്ന തെറ്റായ ധാരണ മൂലം പല വീട്ടുകാരും സർവ്വേയുമായി നിസഹകരിക്കുന്ന പ്രവണതയുള്ളതായി ബീറ്റ് ഓഫീസർമാരായ എസ്.എം സുഹൈൽ, നവീൻകുമാർ എന്നിവർ പറഞ്ഞു. പൊലീസിന്റെ സഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ സമയതടസമില്ലാതെ ഇടപെടാൻ പൊലീസിന് വഴിയൊരുക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം.