കൊടുങ്ങല്ലൂർ: റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ 15 ലക്ഷം രൂപ നാട്ടുകാർ പൊലീസിന് കൈമാറി. മതിലകം മതിൽമൂല ഷാ എ.സി വർക്ക് ഷോപ്പിന് സമീപത്ത് നിന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കിറ്റിൽ നിറച്ച നോട്ട് ബണ്ടിലുകൾ കിട്ടിയത്. 500 രൂപയുടെ 100 എണ്ണം വീതമുള്ളതായിരന്നു നോട്ടുകെട്ടുകൾ. നാട്ടുകാർ ഉടൻ മതിലകം പൊലീസിൽ വിവരം അറിയിക്കുകയും പണം കൈമാറുകയും ചെയ്തു.

ബൈക്ക് യാത്രികനിൽ നിന്ന് റോഡിൽ തെറിച്ചു വീണ നോട്ടുകെട്ടുകൾ പതിയാശ്ശേരി സ്വദേശി നബീൽ ആണ് ആദ്യം കണ്ടത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ ഇടപ്പെട്ട് പൊലീസിനെ വിളിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട ചിലർ പൊലീസിനെ സമീപിച്ചുവെന്നാണ് അറിയുന്നത്. ആവശ്യമായ രേഖകൾ ഹാജരാക്കി കോടതി വഴി പണം തിരിച്ചെടുക്കാവുന്നതാണെന്ന് എസ്.ഐ: സൂരജ് പറഞ്ഞു.