തൃശൂർ: ഗവ. മെഡിക്കൽ കോളേജ് പരിസരവും ക്യാമ്പസും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടും സുരക്ഷാഓഫീസറെ നിയമിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജുവേഷൻ, നഴ്‌സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ വിഭാഗങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ആശുപത്രികളിലും കോളേജ് ഡിപ്പാർട്ട്‌മെന്റുകളിലുമായി നിരവധി ജീവനക്കാർ ജോലി ചെയ്യുകയും ക്യാമ്പസിൽ ക്വാർട്ടേഴ്‌സുകളിൽ താമസിച്ചു വരികയും ചെയ്യുന്നുണ്ട്.
ആശുപത്രിയിൽ പഠനം കഴിഞ്ഞും ഹോസ്റ്റലിലേക്കും ക്വാർട്ടേഴ്‌സ്‌കളിലേക്കും നിരവധി വിദ്യാർത്ഥികൾ ദിനംപ്രതി വൈകിട്ട് സഞ്ചരിക്കുന്നതാണ്. ഇവർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.
കഴിഞ്ഞ ദിവസം എം.ബി.ബി.എസ് ഒന്നാംവർഷ വിദ്യാർത്ഥിക്ക് നേരെയുണ്ടായ അക്രമം ഇതിന് പ്രത്യക്ഷ ഉദാഹരണമാണ്. ഞായറാഴ്ച രാത്രി ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വടക്കാഞ്ചേരി കുമരനെല്ലൂർ ചങ്ങിണിമാർ വീട്ടിൽ അനിൽകുമാറിനെ (30) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്റ്റലിന് മുന്നിൽ വെച്ചായിരുന്നു സംഭവം. വിദ്യാർത്ഥിനി ബഹളം വെച്ചതോടെ നാട്ടുകാരെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടാനായി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജ് കാമ്പസിനെ റസിഡൻഷ്യൽ ഏരിയയായി പ്രഖ്യാപിച്ചിട്ട് രണ്ട് വർഷമായെങ്കിലും അതനുസരിച്ചുള്ള തുടർ നടപടികളുണ്ടായില്ല. ആർക്കും ഏതു സമയത്തും കാമ്പസിനകത്തേക്ക് കടക്കാമെന്ന സാഹചര്യമാണുള്ളത്. പുറമേ നിന്നുള്ള വാഹനങ്ങളെ നിയന്ത്രിക്കാനായി രണ്ട് ചെക്ക് പോസ്റ്റുകൾ നിർമ്മിച്ചെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ സുരക്ഷാ ജീവനക്കാരില്ലെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റുകൾ തുറന്നിട്ടിരിക്കുന്നത്. ഒന്നര വർഷമായി മെഡിക്കൽ കോളേജിലെ സുരക്ഷാ ഓഫീസറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷിതത്വവും വേണം
ക്യാമ്പസിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പൂർണമായ സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവ അടിയന്തരമായി ഉറപ്പുവരുത്തുന്നതിന് നടപടിയുണ്ടാകണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, പ്രിൻസിപ്പാൾ തുടങ്ങിയവർ മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി ഇടപെടണമെന്നും നടപടിയുണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.