med-college
മെഡിക്കൽ കോളേജ് കാമ്പസ്

തൃശൂർ: ഗവ. മെഡിക്കൽ കോളേജ് പരിസരവും കാമ്പസും സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടും സുരക്ഷ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച. സുരക്ഷാ ഓഫീസറെ പോലും നിയമിക്കാൻ തയ്യാറാകാത്തതും ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

എം.ബി.ബി.എസ്, പോസ്റ്റ് ഗ്രാജുവേഷൻ, നഴ്‌സിംഗ്, പാരാമെഡിക്കൽ വിഭാഗങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ കാമ്പസിൽ പഠിക്കുന്നുണ്ട്. ആശുപത്രികളിലും കോളേജ് ഡിപ്പാർട്ട്‌മെന്റുകളിലുമായി നിരവധി ജീവനക്കാർ ജോലി ചെയ്യുകയും ക്വാർട്ടേഴ്‌സുകളിൽ താമസിക്കുകയും ചെയ്യുന്നുണ്ട്.
പഠനവും ജോലിയും കഴിഞ്ഞ് ഹോസ്റ്റലിലേക്കും ക്വാർട്ടേഴ്‌സുകളിലേക്കും നിരവധി പേരാണ് ദിനംപ്രതി വൈകിട്ട് സഞ്ചരിക്കുന്നത്. എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തെ തുടർന്ന് ഭീതിയോടെയാണ് ഇപ്പോൾ ഇവർ സഞ്ചരിക്കുന്നത്.

ഞായറാഴ്ച രാത്രി ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശിയായ അനിൽകുമാറിനെ (30) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോസ്റ്റലിന് മുന്നിൽ വച്ചായിരുന്നു സംഭവം. വിദ്യാർത്ഥിനി ബഹളം വച്ചതോടെ നാട്ടുകാരെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടി.

റസിഡൻഷ്യൽ ഏരിയായി പ്രഖ്യാപിച്ച് രണ്ട് വർഷം
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഗവ. മെഡിക്കൽ കോളേജ് കാമ്പസിനെ റസിഡൻഷ്യൽ ഏരിയയായി പ്രഖ്യാപിച്ചിട്ട് രണ്ട് വർഷമായെങ്കിലും അതനുസരിച്ചുള്ള തുടർ നടപടികളുണ്ടായില്ല. ആർക്കും ഏതു സമയത്തും കാമ്പസിനകത്തേക്ക് കടക്കാമെന്ന സാഹചര്യമാണുള്ളത്. പുറമേ നിന്നുള്ള വാഹനങ്ങളെ നിയന്ത്രിക്കാനായി രണ്ട് ചെക്ക് പോസ്റ്റുകൾ നിർമ്മിച്ചെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ സുരക്ഷാ ജീവനക്കാരില്ലെന്ന് പറഞ്ഞ് ചെക്ക് പോസ്റ്റുകൾ തുറന്നിട്ടിരിക്കുന്നത്. ഒന്നര വർഷമായി മെഡിക്കൽ കോളേജിലെ സുരക്ഷാ ഓഫീസറുടെ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പേരിൽ മാത്രം

മെഡിക്കൽ കോളേജ് കാമ്പസിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം നാമമാത്രം. കാമ്പസിനുളിൽ ഹെൽമെറ്റ്‌ വേട്ട മാത്രമാണ് നടക്കുന്നതെന്നാണ് ആരോപണം. കാമ്പസിനുളിലേക്ക് പ്രവേശിക്കണമെങ്കിൽ പ്രിൻസിപ്പാലിന്റെ അനുമതി വേണമെന്നത് പൊലീസിനും തലവേദനയാകുന്നുണ്ട്. ആശുപത്രിക്കുള്ളിൽ ഒരു എയ്ഡ് പോസ്റ്റ്‌ ഉണ്ടെങ്കിലും ഒരു പൊലീസുകാരൻ മാത്രമാണുള്ളത്. പലപ്പോഴും പൊതുജനങ്ങൾക്ക് പൊലീസ് സേവനം ലഭിക്കാറില്ലെന്നും പറയുന്നു.

സുരക്ഷിതത്വവും വേണം
കാമ്പസിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പൂർണമായ സഞ്ചാരസ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവ അടിയന്തരമായി ഉറപ്പുവരുത്തുന്നതിന് നടപടിയുണ്ടാകണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റി. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കളക്ടർ, ജില്ലാ പൊലീസ് മേധാവി, പ്രിൻസിപ്പൽ തുടങ്ങിയവർ അടിയന്തരമായി ഇടപെടണമെന്നും നടപടിയുണ്ടാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.