mask

തൃശൂർ: ജനുവരി നൽകുന്നത് ആശ്വാസക്കണക്കാണെങ്കിലും കൊവിഡ് പ്രതിരോധം മാസ്‌കിലേക്ക് മാത്രം ചുരുങ്ങുന്നത് ആശങ്ക ഉയർത്തുന്നു. ഈ മാസം 20 വരെയുള്ള കണക്ക് പ്രകാരം രോഗികളെക്കാൾ കൂടുതൽ രോഗമുക്തരുണ്ടായി എന്നത് ആശ്വാസം നൽകുന്നു. 8122 പേർക്ക് ജനുവരി 20 വരെ രോഗം സ്ഥിരീകരിച്ചപ്പോൾ 9055 പേർ രോഗ മുക്തരായിട്ടുണ്ട്.
രോഗികളുടെ എണ്ണത്തിലും മരണക്കണക്കിലും ഡിസംബറിനേക്കാൾ കുറവാണ് ഈ മാസം. ഡിസംബർ അവസാനത്തെ 20 ദിവസത്തേക്കാൾ 2500 ഓളം കൊവിഡ് കേസുകൾ കുറവാണ് ഈ മാസം ഇതുവരെ. എന്നാൽ അടുത്തിടെയുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം 600 നും 400 ഇടയിലായെന്നത് വ്യാപനം കൂടുന്നുവെന്നതിന്റെ സൂചന നൽകുന്നു.

പ്രതിരോധം മാസ്‌കിലേക്ക് ചുരുങ്ങുന്നു
രോഗികളുടെ എണ്ണം കുറഞ്ഞതും വാക്‌സിൻ എല്ലാവരിലേക്കും ഉടൻ എത്തുമെന്ന വിശ്വാസവും വന്നതോടെ പ്രതിരോധം മാസ്‌കിലേക്ക് മാത്രമായി ചുരുങ്ങുന്നതായി വിലയിരുത്തൽ. ഹാൻഡ് വാഷ്, സാനിറ്റൈസർ ഉപയോഗം വളരെ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പൊതുസ്ഥലത്ത് മാസ്‌കിടാതെ വന്നാൽ പിഴയീടാക്കുമെന്നത് കൊണ്ട് മാത്രമാണ് അത് ഉപേക്ഷിക്കാത്തതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ആളുകൾ ഒത്തുകൂടുന്ന സ്ഥലത്ത് കൈകഴുകൽ, സാനിറ്റൈസർ, പേരു വിവരം രേഖപ്പെടുത്തൽ എന്നിവ കൃത്യമായി നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രോട്ടോകോൾ ലംഘനം കൂടിയതോടെ കടുത്ത പിഴയോടെ കേസുകൾ രജിസ്റ്റർ ചെയ്യാൻ സെക്ടറൽ മജിസ്‌ട്രേറ്റ്മാർക്കും പൊലീസിനും നിർദേശം നൽകിയിരുന്നെങ്കിലും നടപടി കർശനമല്ലെന്നാണ് വിലയിരുത്തൽ. ഉത്സവങ്ങൾ ആരംഭിച്ചതും തിയറ്ററുകൾ തുറന്നതും കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വിവാഹങ്ങളിലുമെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്.

ഡിസംബർ 10 മുതൽ 31 വരെ കൊവിഡ് സ്ഥിരീകരിച്ചത് - 10551

ജനുവരി 1 മുതൽ 20 വരെ കൊവിഡ് സ്ഥിരീകരിച്ചത് - 8122

ജനുവരിയിൽ രോഗമുക്തി നേടിയത് - 9055

ഡിസംബർ മാസത്തിലെ മരണം-83

ജനുവരിയിൽ ഇതുവരെ മരണം-39