ചാലക്കുടി നഗരസഭാ കൗൺസിലർമാർ നടത്തിയ ധർണ ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്യുന്നു
ചാലക്കുടി: ജനാധിപത്യത്തിനു മേൽ ഉദ്യോഗസ്ഥ ആധിപത്യമുണ്ടായാൽ നാടിന്റെ പുരോഗതിയെ ഗുരുതരമായി ബാധിക്കുമെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. ദേശീയപാത ചാലക്കുടി അടിപ്പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ മെല്ലെപോക്ക് ഉദ്യോസ്ഥരുടെ അനാസ്ഥയുടെ ഫലമാണ്. കൊവിഡ് പശ്ചാത്താലത്തിലാണ് ജനങ്ങൾ പ്രതിഷേധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന അടിപ്പാത നിർമ്മാണം എന്ന് തീരുമെന്ന് പറയാനാകില്ലെന്നും ഇതിനെതിരെ ജനങ്ങളുടെ കൂട്ടായ്മ ശക്തമാകണമെന്നും കെമാൽ പാഷ പറഞ്ഞു. യോഗത്തിൽ നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, ഫാ. വർഗീസ് പാത്താടൻ, ടൗൺ ഇമാം ഹുസൈൻ ബാഖവി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, കെ.വി. പോൾ, വത്സൻ ചമ്പക്കര, ജോബി മേലേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.