തൃശൂർ: റെയിൽവേ സ്റ്റേഷനിലെ കൊവിഡ് കെയർ സെന്റർ പ്രവർത്തനം അവസാനിപ്പിച്ചതായി കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരുടെ വിവരം ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുന്നതിനായാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ട്രെയിനുകളുടെയും സ്റ്റോപ്പുകളുടെയും എണ്ണവും യാത്രക്കാർ നിയന്ത്രണമില്ലാതെ വരുന്നതും മൂലം യാത്രക്കാരുടെ വിവരശേഖരണം സാദ്ധ്യമല്ലാതെ വന്നതിനാലാണ് പ്രവർത്തനം നിറുത്തുന്നത്. കൊവിഡ് കെയർ സെന്ററിൽ ജോലി നോക്കിയിരുന്ന ജീവനക്കാർ അവർ ജോലി ചെയ്തിരുന്ന ഓഫീസിൽ യഥാക്രമം ജോലിക്ക് ഹാജരാകണമെന്ന് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഡോ. എം.സി. റെജിൽ അറിയിച്ചു.