കുന്നംകുളം: നഗരസഭാ പ്രദേശത്തെ കുറുക്കൻ പാറയിൽ 10 കോടി രൂപ ചെലവഴിച്ച് താലൂക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് 25ന് എ.സി. മൊയ്തീന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരും. രാവിലെ 11ന് കുന്നംകുളം നഗരസഭാ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ്, നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, തഹസിൽദാർ പി.എസ്. ജീവ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. താലൂക്ക് ആസ്ഥാന മന്ദിരം 37,000 ചതുരശ്ര അടിയിൽ അഞ്ചു നിലകളിലാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ചുറ്റുമതിലിന്റെ നിർമാണമാണ് ആദ്യം ആരംഭിക്കുക. ആധുനിക നവീന രീതിയിലുള്ള കവാടം, പാർക്കിംഗ്, പൂന്തോട്ടം, ലാൻഡ് സ്‌കേപ്പിംഗ്, രണ്ടാം ഗേറ്റ് എന്നിവയും ആസ്ഥാന മന്ദിരത്തിനുണ്ടാകും.