ചാലക്കുടി: അടിപ്പാത സമരം രാഷ്ട്രീയ നേട്ടമാക്കി മാറ്റാൻ ശ്രമിച്ചപ്പോഴാണ് അതിൽ നിന്നും തങ്ങൾ വിട്ടുനിന്നതെന്ന് എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ്. രാഷ്ട്രീയത്തിന് അതീതമായ 36 ജനപ്രതിനിധികളും ഒറ്റക്കെട്ടായി ധർണ സംഘടിപ്പിക്കാനാണ് കൗൺസിൽ യോഗം തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ധർണയുടെ ഉദ്ഘാടകനെ ചെയർമാൻ തന്നിഷ്ടപ്രകാരം നിശ്ചയിച്ചപ്പോൾ അതിൽ രാഷ്ട്രീയം വ്യക്തമായി. സദാസമയവും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്ത കെമാൽ പാഷയെ കൊണ്ടു വരുമ്പോൾ കാര്യം വ്യക്തമായി എന്നും എൽ.ഡി.എഫ് നേതാവ് പറഞ്ഞു. അടിപ്പാത നിർമ്മാണത്തിന്റെ പൂർത്തീകരണത്തിന് നിലവിൽ എൽ.ഡി.എഫ് പ്രവർത്തിക്കുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. അദ്ദേഹം വ്യക്തമാക്കി.