കൊടുങ്ങല്ലൂർ: എടവിലങ്ങ് സെന്ററിലെ മാസിൽ സൈക്കിൾ വർക്ക് ഷോപ്പിൽ പഞ്ചറൊട്ടിക്കലും സൈക്കിൾ അറ്റകുറ്റപ്പണിയും കഴിഞ്ഞാൽ മാനങ്കേരി നിസാർ മുഴുവൻ സമയവും പരീക്ഷണങ്ങൾക്ക് പിന്നാലെയാണ്. പരീക്ഷണങ്ങൾ വിജയം കണ്ടപ്പോൾ ആ പണിശാലയിൽ നിന്ന് ആഡംബര ബൈക്കും, ഇലക്ട്രിക്ക് സൈക്കിളുകളുമെല്ലാം പുറത്തിറങ്ങി. ലോക്ഡൗൺ കാലത്ത് കൗതുകത്തിനായി നിസാർ നിർമ്മിച്ച ആഡംബര ബൈക്ക് സോഷ്യൽ മീഡിയയിലൂടെ വൈറലായതോടെ വൻകിട ബൈക്ക് നിർമ്മാണ കമ്പനികൾ വരെ അഭിനന്ദനവുമായെത്തി. ഇപ്പോഴിതാ ഇലക്ട്രിക്കൽ സൈക്കിൾ എന്ന ആശയവുമായാണ് നിസാർ രംഗത്തെത്തിയത്. മൂത്തുകുന്നം സ്വദേശിയുടെ ഓർഡർ പ്രകാരം 35,000 രൂപയ്ക്ക് ഒരെണ്ണം നിർമ്മിക്കുകയും ചെയ്തു. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സൈക്കിൾ ഒരിക്കൽ ചാർജ് ചെയ്താൽ 25 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കും. ഫുൾ ചാർജ് ആകാൻ മൂന്ന് മണിക്കൂറെങ്കിലും ചാർജ് ചെയ്യണം. ചാർജ് തീർന്നാൽ സിംഗിൾ ഗിയറിൽ ചവിട്ടിയും യാത്ര ചെയ്യാം. ജി.ഐ ചാനലുകളും മറ്റും ഉപയോഗിച്ചായിരുന്നു നിർമ്മാണം. എയർലെസ് ആയ പിൻചക്രത്തിലാണ് മോട്ടോർ ഘടിപ്പിച്ചത്.
ബാറ്ററി സീറ്റിനടിയിലെ പെട്ടിയിലും. ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന നിർമ്മാണ രീതിയും ഡിസൈനിലെ പുതുമയും സൈക്കിളിനെ ആകർഷകമാക്കുന്നു. ബൈക്കിന് പിന്നാലെ ഇലക്ട്രിക് സൈക്കിളും വൈറലായതോടെ പുതിയ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് നിസാർ പറഞ്ഞു. കരിക്ക് വെട്ടുന്ന യന്ത്ര മനുഷ്യൻ, ഗോളടിക്കുന്ന നെയ്മർ, റോബോട്ട്, ചലിക്കുന്ന മോഹൻലാൽ തുടങ്ങിയവയും നിസാറിന്റെ കരവിരുതിൽ പിറവിയെടുത്തിരുന്നു. കഴിഞ്ഞ പത്ത് വർഷമായി നിസാർ സൈക്കിൾ വർക്‌ഷോപ് നടത്തുന്നു.