തൃപ്രയാർ: വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പളളിക്ക് സമീപം നെല്ലിശ്ശേരി ജോർജിന്റെ അടച്ചിട്ട വീട്ടിൽ ബുധനാഴ്ച നടന്ന കവർച്ചയെ സംബന്ധിച്ച അന്വേഷണം ഊർജ്ജിതം. മോഷണം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്. റൂറൽ എസ്.പി: വിശ്വനാഥൻ, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: കെ.ആർ. രാജേഷ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കൂടാതെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരെത്തി തെളിവെടുത്തു.

ബുധനാഴ്ച രാവിലെ ഏങ്ങണ്ടിയൂരിലെ പള്ളിപ്പെരുന്നാളിനു പോയതായിരുന്നു വീട്ടുകാർ. വൈകീട്ട് അഞ്ചിന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. മുകൾ നിലയിലെ രണ്ട് അലമാരകളിൽ ഒന്ന് താക്കോൽ ഉപയോഗിച്ചും മറ്റൊന്ന് കുത്തിത്തുറന്നുമാണ് ആഭരണങ്ങൾ എടുത്തിട്ടുള്ളത്. 63 പവൻ സ്വർണാഭരണങ്ങളും ഡയമണ്ട് മാലയുമാണ് നഷ്ടപ്പെട്ടത്. അലമാരയിൽ മറ്റൊരു ഭാഗത്ത് പണം ഉണ്ടായിരുന്നെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.

ഡോഗ്‌ സ്‌ക്വാഡ് കൂടാതെ വിരലടയാള വിദഗ്ദ്ധ വിനീത വേണുഗോപാലും സംഘവും തെളിവെടുപ്പു നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് വെള്ള ഷർട്ടും മാസ്‌കും ധരിച്ച ഒരാൾ വീട്ടിലേക്ക് കയറുന്നത് സമീപത്തുള്ള ജോർജ്ജിന്റെ മകന്റെ വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുറത്ത് ഒരാൾ ബൈക്കിൽ കാത്തുനിൽക്കുന്നതും ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

ഫോട്ടോ കാപ്ഷൻ:

വലപ്പാട് കവർച്ച നടന്ന വീട്ടിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധിക്കുന്നു.