തൃശൂർ: കോൺഗ്രസ് വിമതന്റെ പിന്തുണയിൽ ഭരണം പിടിച്ച എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്തി പുല്ലഴി ഡിവിഷൻ പിടിച്ചെടുത്ത് യു. ഡി. എഫ്. 55 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 24 സീറ്റ് വീതമായി. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് ആണ് മികച്ച ഭൂരിപക്ഷത്തോടെ മുൻ കൗൺസിലർ കൂടിയായ രാമനാഥൻ പിടിച്ചെടുത്തത്. ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ആണ് എൽ.ഡി.എഫിലെ മഠത്തിൽ രാമൻകുട്ടിയേക്കാൾ നേടിയത്. കഴിഞ്ഞ ലോക് സഭ, നിയമ സഭ തിരഞ്ഞെടുപ്പുകളിൽ ഡിവിഷനിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയ ബി.ജെ.പി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പോയി. രാമനാഥന് 2042 വോട്ട് ലഭിച്ചപ്പോൾ മഠത്തിൽ രാമൻകുട്ടിക്ക് 1049 വോട്ടും എൻ.ഡി.എയിലെ സന്തോഷ് പുല്ലഴിക്ക് 539 വോട്ടുമാണ് ലഭിച്ചത്. നെല്ലങ്കര ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമതൻ എം.കെ. വർഗീസിനെ മേയർ ആക്കിയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയത്. നിലവിൽ ഭരണത്തിന് ഭീഷണി അല്ലെങ്കിലും വരും നാളുകളിൽ അട്ടിമറികൾക്ക് സാദ്ധ്യതകൾ ഏറെയാണ്. നിലവിൽ താൻ എൽ.ഡി.എഫിന്റെ ഭാഗമാണെന്ന് മേയർ എം.കെ. വർഗീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള പോക്ക് വെല്ലുവിളി നിറഞ്ഞതാണെന്ന് എൽ.ഡി.എഫിനും അറിയാം. വർഗീസിന്റെ മേൽ ഇനി മുതൽ കടുത്ത സമ്മർദ്ദം ചെലുത്താൻ സാധിക്കാത്ത നില വരും. രണ്ടു വർഷത്തേക്കാണ് എൽ.ഡി.എഫ് വർഗീസിന് മേയർ സ്ഥാനം നൽകിയിരിക്കുന്നത്.അതു കഴിഞ്ഞാൽ വർഗീസ് ഇടത്തു നിന്ന് വലത്തോട്ട് ചായുമോയെന്ന ആശങ്കയും നില നിൽക്കുന്നുണ്ട്. വരുംനാളുകളിൽ കൗൺസിൽ യോഗങ്ങളിൽ ഭരണപക്ഷം കൊണ്ടുവരുന്ന പല തീരുമാനങ്ങളും നിർണായകമാകും.