തൃശൂർ: കുതിരാനിൽ നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.10 ന് മണ്ണത്തി വടക്കഞ്ചേരി ദേശീയ പാതാ കുതിരാൻ കയറ്റത്തിൽ നിന്നാണ് നിയന്ത്രണം വിട്ട് വന്ന ലോറി വീടിനുള്ളിലേക്ക് ഇടിച്ച് കയറിയത്. മുറിയിൽ ഉറങ്ങാൻ കിടന്നിരുന്ന മട്ടൻത്തോട്ടിൽ മത്തായിയും ഭാര്യ സോഫിയയും മകന്റെ മകൾ ഇതളും അത്ഭുതകരമായി രക്ഷപ്പെട്ടു. ശബ്ദം കേട്ട് നിലവിളിച്ച കുടുംബത്തെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ഇവർ ഉറങ്ങാൻ കിടന്ന മുറിയുടെ ഭിത്തി തകർത്ത ലോറി നിന്നു. ഇടിയുടെ ആഘാതത്തിൽ ജനലും റൂമിൽ ഉണ്ടായിരുന്ന അലമാരയും തെറിച്ചു. അലമാര ഇവരുടെ മുകളിൽ കൂടി ചുമരിൽ ചാരി നിന്നതിനാൽ അടിയിൽ കിടന്നവരിൽ സോഫിയക്ക് നിസാര പരിക്ക് പറ്റി. ഇവരെ പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് കാലിന് പരിക്കേറ്റിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും പീച്ചി പൊലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂർ പണിപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.
ടാങ്കർ ലോറി ഇടിച്ച് അപകടം
ദേശീയപാത കൊരട്ടി ജെ.ടി.എസ്.ജംഗ്ഷനിൽ ടാങ്കർ ലോറി മറ്റൊരു ലോറിയിൽ ഇടിച്ചു. ഇന്ന് പുലർച്ചെ 5നായിരുന്നു അപകടം. ഓക്‌സിജൻ ടാങ്കർ ലോറി പമ്പിൽ നിന്ന് ഇന്ധനം നിറച്ച് ദിശതെറ്റിച്ച് ദേശീയ പാതയിലൂടെ സഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ആർക്കും പരിക്കില്ല. കൊരട്ടി പൊലീസിന്റെയും ഹൈവേ പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. എറണാകുളം ഭാഗത്തേക്കുള്ള ഗതാഗതം എറെ നേരം തടസപ്പെട്ടു.