തൃശൂർ: പണി പൂർത്തിയാകാത്തതിനാലും അഗ്‌നിസുരക്ഷാ വിഭാഗത്തിൽ നിന്ന് സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കുതിരാനിലെ ഒരു തുരങ്കം ഈ മാസം 31 ന് മുമ്പ് തുറക്കുമോ എന്ന ആശങ്കയ്ക്കിടെ അപകടങ്ങൾ നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കുന്നു.
പാറക്കെട്ടുകൾ നീക്കുന്നത് തീരാത്തതിനാലാണ് തുരങ്കം തുറക്കൽ അനിശ്ചിതത്ത്വത്തിലായത്. അതിനിടെ തുരങ്കത്തിന്റെ കിഴക്കും പടിഞ്ഞാറും കവാടങ്ങളോട് ചേർന്നുള്ള പാറക്കെട്ടുകൾ പൊട്ടിച്ച് നീക്കുന്ന ജോലികൾ വേഗത്തിലാക്കി. കിഴക്കേ തുരങ്കമുഖത്തിന് മുകൾഭാഗത്തെ വലിയ പാറകൾ പൊട്ടിച്ച് താഴെയിറക്കുന്ന പണിയും തുടരുന്നുണ്ട്. എന്നിരുന്നാലും ഒരാഴ്ചയ്ക്കുള്ളിൽ തീരാത്ത പ്രവൃത്തികളേറെയുണ്ട്. രണ്ടാമത്തെ തുരങ്കവുമായി ബന്ധിപ്പിക്കുന്ന ഇടനാഴി തുരങ്കം നിർമ്മിക്കുന്നത് അടക്കമുള്ള പണി തീർത്താൽ മാത്രമേ, 31 ന് മുമ്പ് തുരങ്കം ഗതാഗതത്തിനായി തുറക്കുമെന്ന ദേശീയപാത അതോറിറ്റിയുടേയും മുഖ്യമന്ത്രിയുടേയും പ്രസ്താവന യാഥാർത്ഥ്യമാകൂ.
കഴിഞ്ഞ 17 ന് മലയുടെ മുകളിൽ നിന്നും കല്ലുവീണ് തുരങ്ക കവാടത്തിൽ കുഴി രൂപപ്പെട്ടതോടെയാണ് ആശങ്ക കൂടിയത്. മുകൾ ഭാഗത്തു മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കല്ലുകൾ നീക്കം ചെയ്യുമ്പോൾ അപകടകരമായ രീതിയിൽ കല്ലുകൾ താഴെ വീഴുമെന്നതിനാൽ മുകളിൽ വെച്ച് കല്ലുകൾ പൊട്ടിക്കുകയാണ്.
പണമില്ലാതെ നട്ടംതിരിഞ്ഞ്
ഈ വർഷം ആഗസ്റ്റ് 17 ന് മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നിർമാണം പൂർത്തിയാകുമെന്ന് കരാർ കമ്പനി ഉറപ്പ് നൽകുമ്പോഴും നിരവധി പ്രവർത്തനങ്ങളാണ് ബാക്കിയുള്ളത്. 2009 ആഗസ്റ്റിൽ ഒപ്പുവച്ച കരാർ പ്രകാരം 30 മാസത്തിനുള്ളിൽ ആറുവരിപ്പാത പൂർത്തിയാക്കേണ്ടതായിരുന്നു. കരാർ കമ്പനിയായ കെ.എം.സിക്ക് ധനസഹായവുമായി വിദേശ കമ്പനി രംഗത്തുള്ളതായും ഇതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ 65 കോടിയിലേറെ ബാദ്ധ്യതയാണ് കെ.എം.സിക്കുള്ളതെന്ന് പറയുന്നു. ബി.ഒ.ടി ആയതിനാൽ ബാങ്കുകളും കമ്പനിയും തമ്മിലുള്ള ധാരണയിൽ മേൽനോട്ടച്ചുമതലയാണ് ദേശീയപാത അതോറിറ്റിക്കുള്ളത്. സിമന്റ്, കമ്പി അടക്കം ഹൈദരാബാദിൽ നിന്ന് കമ്പനി നേരിട്ട് എടുക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികളുടെ വേതനം, വിവിധ ഉപകരാറുകാർക്കുള്ള കുടിശ്ശിക, ടിപ്പർ, ക്രഷർ ഉടമകൾക്കുളള കുടിശിക അടക്കം നൽകുവാനുണ്ടെന്ന് പറയുന്നു. ഒമ്പത് ബാങ്കുകളുടെ കൺസോർഷ്യം അനുവദിച്ച ഫണ്ട് കമ്പനി മറ്റ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതും മറ്റ് സാമ്പത്തിക പ്രതിസന്ധിയുമാണ് ശമ്പളക്കുടിശ്ശിക അടക്കം വൈകാൻ കാരണം. അതേസമയം, നിർമ്മാണപ്രവർത്തനം പൂർത്തിയാകാത്തതിനാൽ അപകടങ്ങളും തുടരുകയാണ്.
'' ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും രാത്രികാലങ്ങളിൽ അപകടങ്ങളുണ്ടാവുന്നുണ്ട്. രാത്രിയും പകലും കർശനമായ പട്രോളിംഗ് തുടരുന്നുണ്ട്. ''ഹൈവേ പൊലീസ്