തൃശൂർ: വഴുക്കുംപാറയിൽ കുതിരാൻ കയറ്റത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി വീടിന്റെ കിടപ്പുമുറിയിലേക്ക് അർദ്ധരാത്രി ഇടിച്ചു കയറി മുത്തശ്ശിയും കൊച്ചുമകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിൽ നിന്ന് തെന്നിമാറി,150 മീറ്റർ അകലെ 15 അടി താഴ്ചയിലുള്ള മുട്ടം തോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണ് വ്യാഴാഴ്ച രാത്രി ലോറി ഇടിച്ചു കയറിയത്. വൈദ്യുതക്കമ്പികൾ തകർത്ത ശേഷമാണ് വീടിന്റെ ചുമരും ജനലും തകർത്തു കിടപ്പുമുറിയിലേക്ക് ലോറി പാഞ്ഞുകയറിയത്. മുറിയിൽ ഉറങ്ങുകയായിരുന്ന മത്തായിയുടെ ഭാര്യ സോഫി (60), കൊച്ചുമകൾ ഇതൾ (6) എന്നിവരുടെ സമീപത്തായി ലോറി ഇടിച്ചുനിൽക്കുകയായിരുന്നു.
മുറിയിലുണ്ടായിരുന്ന അലമാര മറിഞ്ഞു വീണെങ്കിലും അലമാരയ്ക്കും കട്ടിളയ്ക്കും ഇടയിൽ ആയതിനാൽ പരിക്കേറ്റില്ല. ലോറി ഡ്രൈവർ തഞ്ചാവൂർ സ്വദേശി ഷൺമുഖന് കാലിന് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് ഉരുക്കുപാളികളുമായി എത്തിയതാണ് ലോറി. വൈദ്യുതിക്കമ്പികളിൽ ഇടിച്ചതോടെ വൈദ്യുതിയും തടസപ്പെട്ടിരുന്നു.
പുനർനിർമ്മാണ പദ്ധതികൾ
വേഗത്തിലാക്കുന്നു
തൃശൂർ: പ്രളയം വിതച്ച ദുരന്തങ്ങളിൽ നിന്നും കേരളത്തെ കരകയറ്റാൻ രൂപീകരിച്ച റിബിൽഡ് കേരള പദ്ധതികളുടെ ജില്ലയിലെ പ്രവർത്തനം ഊർജിതമാക്കുമെന്ന് കളക്ടർ എസ്. ഷാനവാസ്. അടിയന്തര സ്വഭാവമുള്ളതും കൃഷിവകുപ്പുമായി ബന്ധപ്പെട്ടതുമായ പ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാനാണ് തീരുമാനം.
പദ്ധതികളുടെ പുരോഗമനം വിലയിരുത്താൻ കളക്ടറേറ്റിൽ സംഘടിപ്പിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 298 കോടിയോളം തൃശൂർ - പൊന്നാനി കോൾ മേഖലയുടെ വികസനത്തിനായി റിബിൽഡ് കേരള പദ്ധതിയിൽ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമെ കാർഷിക സർവകലാശാലയ്ക്ക് 27 കോടിയുടെ പദ്ധതിയും അതിരപ്പിള്ളി ട്രൈബൽ വാലി പദ്ധതിക്ക് 10 കോടിയും വകയിരുത്തിയിട്ടുണ്ട്. വിവിധ ഡിപ്പാർട്മെന്റുകളിലായി 340 കോടിയുടെ നവകേരള നിർമ്മാണ പദ്ധതികൾ നടന്നുവരുന്നുണ്ട്. അതിൽ കൃഷി വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ അവലോകനത്തിനായിരുന്നു കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം നടന്നത്. റീ ബിൽഡ് കേരള പദ്ധതിയുടെ ഉത്തരവാദിത്തമുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.