തൃശൂർ: പുല്ലഴി ഡിവിഷൻ യു.ഡി.എഫ് പിടിച്ചതോടെ കോൺഗ്രസ് വിമതന്റെ മാത്രം ദൂരത്തിലാണ് യു.ഡി.എഫിന് കോർപറേഷൻ ഭരണം. ആ വിമതന്റെ കരുതലിലാണ് എൽ.ഡി.എഫ് ഭരണം. കടലുപോലെ സാദ്ധ്യതകളാണ് എം.കെ വർഗ്ഗീസെന്ന മുൻ കോൺഗ്രസുകാരന് ഈ വിജയം പകർന്ന് നൽകുന്നത്.
55 അംഗ ഭരണ സമിതിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 24 സീറ്റാണ്. ബി.ജെ.പിക്ക് ആറ്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് മികച്ച ഭൂരിപക്ഷത്തോടെ മുൻ കൗൺസിലർ കൂടിയായ രാമനാഥൻ പിടിച്ചെടുത്തത്. പക്ഷേ യു.ഡി.എഫിന് നല്ല സ്വാധീനമുള്ള പുല്ലഴി, വനിതാസംവരണമായതോടെയാണ് കഴിഞ്ഞ വട്ടം എൽ.ഡി.എഫിലേക്ക് ചായുന്നത്. നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ വോട്ട് വർദ്ധനയിൽ കണ്ണുവച്ച ബി.ജെ.പിക്ക് പക്ഷേ കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.
നെല്ലങ്കര ഡിവിഷനിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമതൻ എം.കെ വർഗീസിനെ മേയറാക്കിയാണ് എൽ.ഡി.എഫ് ഭരണം നിലനിറുത്തിയത്. നിലവിൽ താൻ എൽ.ഡി.എഫിന്റെ ഭാഗമാണെന്ന് മേയർ എം.കെ വർഗീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും മുന്നോട്ടുള്ള പോക്ക് വെല്ലുവിളി നിറഞ്ഞതാണ്. വർഗീസിന്റെ മേൽ ഇനി മുതൽ കടുത്ത സമ്മർദ്ദം ചെലുത്താനാകാത്ത നിലയും വരും. രണ്ട് വർഷത്തേക്കാണ് എൽ.ഡി.എഫ് വർഗീസിന് മേയർ സ്ഥാനം നൽകിയിരിക്കുന്നത്. അഞ്ച് വർഷം മേയറാക്കാമെന്ന വാഗ്ദാനം കോൺഗ്രസ് നൽകിക്കഴിഞ്ഞു. വർഗീസിനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് ഡി.സി.സി പ്രസിഡന്റ് വടിയെറിഞ്ഞിട്ടുമുണ്ട്. അതിനാൽ രണ്ട് കൊല്ലം കഴിഞ്ഞാലെന്ത് എന്ന ചോദ്യം ഭരണമുന്നണിയെയും കുഴയ്ക്കുന്നു.
ഇതിനിടെ ജനതാദൾ അംഗം ഷീബ ബാബു, സ്വതന്ത്രയായി വിജയിച്ച എം.എൽ റോസി എന്നിവരും തൃശൂർ കോർപറേഷനിൽ ശ്രദ്ധാകേന്ദ്രമാകും. ഇവരിൽ ഒരാളെ അടർത്തിയെടുക്കാനായാൽ കോൺഗ്രസിന് ഭരണം പിടിക്കാം.
ആര് വന്നാലും മേയർ സ്ഥാനം തന്നെയായിരിക്കും ചോദിക്കുക. ഇതിനിടയിൽ ജനതാദൾ ഒരു പിളർപ്പിനെ അഭിമുഖീകരിക്കുന്നുമുണ്ട്. അങ്ങനെ വന്നാൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക് ചേക്കേറിയേക്കാം. യു.ഡി.എഫിനൊപ്പം ഷീബ ബാബു പോയാൽ ഭരണം ആട്ടിമറിക്കാൻ കോൺഗ്രസിന് എളുപ്പമാകും.
സുവർണാവസരത്തിൽ വിമതൻ
നിലവിൽ രണ്ട് വർഷ മേയർ പദവിയാണ് എൽ.ഡി.എഫ് എം.കെ വർഗീസിന് വാഗ്ദാനം ചെയ്തിട്ടുള്ളത്. പക്ഷേ കോൺഗ്രസിന്റെ അഞ്ച് വർഷ മേയർ പദവിയെന്ന വാഗ്ദാനം നിലനിൽക്കുന്നതിനാൽ വർഗീസുമായുള്ള ധാരണയിൽ മാറ്റം വരുത്തേണ്ടി വരും. അഞ്ച് വർഷം ഭരണം തുടരണമെങ്കിൽ കൂടുതൽ വിട്ടുവീഴ്ചകൾക്ക് എൽ.ഡി.എഫ് തയ്യാറാകേണ്ടി വരും. ഇത് കൂടാതെ വരും നാളുകളിൽ കൗൺസിൽ യോഗങ്ങളിൽ ഭരണപക്ഷം കൊണ്ടുവരുന്ന പല തീരുമാനങ്ങളും നിർണ്ണായകമാകും. ഇന്ന് കോർപറേഷന്റെ ആദ്യ കൗൺസിൽ യോഗം നടക്കുകയാണ്. പ്രതിപക്ഷത്തിന് താത്പര്യം ഇല്ലാത്ത അജണ്ടകൾ പാസാക്കാൻ നിലവിൽ എൽ.ഡി.എഫിന് ഏറെ വിയർക്കേണ്ടി വരും. മുന്നണിയിലെ അസ്വാരസ്യങ്ങൾ ഒഴിവാക്കുകയും വേണം.
വോട്ട് നില
സീറ്റ് നില