കൊടുങ്ങല്ലൂർ: നഗരസഭയിലെ സർക്കാർ ഓഫീസുകളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കും. ഇതിനുവേണ്ടി നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്ത വിവിധ ഓഫീസ്, സ്‌കൂൾ മേലധികാരികളുടെയും നഗരസഭാ അധികൃതരുടെയും യോഗത്തിലാണ് തീരുമാനം.
പ്ലാസ്റ്റിക്കിലും തെർമോകോളിലും നിർമ്മിച്ചിട്ടുള്ള എല്ലാ തരം ഡിസ്‌പോസിബിൾ വസ്തുക്കളുടെയും ഉപയോഗം ഓഫീസുകളിൽ പൂർണമായും ഒഴിവാക്കും. മാലിന്യം രൂപപ്പെടുന്നത് പരമാവധി കുറയ്ക്കുകയും ജൈവമാലിന്യം വളമോ പാചക വാതകമോ ആക്കി മാറ്റുകയും അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറുകയും ചെയ്യും.
പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിന് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. നഗരസഭാ ഹാളിൽ ചേർന്ന യോഗം ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലിസി പോൾ, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, കെ.വി. ഗോപാലകൃഷ്ണൻ, ഐ.വി. രാജീവ് എന്നിവർ പങ്കെടുത്തു.
ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പാലിക്കേണ്ടത്
ഡിസ്‌പോസിബിൾ പാത്രങ്ങളിലുള്ള ആഹാര പാനീയ വിതരണം പൂർണമായും ഒഴിവാക്കണം
പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം ഇല്ലാതാക്കി തുണിസഞ്ചികൾ ഉപയോഗിക്കണം
മാലിന്യം ജനാലയിലൂടെ വലിച്ചെറിയുന്ന ശീലം അരുത്
പ്ലാസ്റ്റിക് കത്തിച്ചാൽ നടപടി, ശുചിമുറികൾ വൃത്തിയായി സംരക്ഷിക്കും
ആഘോഷങ്ങൾക്ക് പ്ലാസ്റ്റിക്ക് ബൊക്കെകൾ, പൂക്കൾ എന്നിവ ഒഴിവാക്കണം
യോഗങ്ങൾ, പ്രചാരണങ്ങൾ എന്നിവയ്ക്ക് തുണി ബാനറുകൾ ഉപയോഗിക്കും
ടിഷ്യൂ പേപ്പറിന് പകരം തുണി തൂവാല ഉപയോഗിക്കും