മാള: ജില്ലയിലെ ഏറ്റവും കൂടുതൽ വിസ്തൃതിയിലുള്ള പുത്തൻചിറ വില്ലേജ് ഓഫീസ് പരിധി വിഭജിക്കണമെന്ന ആവശ്യം ശക്തം. 22.29 ചതുരശ്ര കിലോമീറ്റർ വ്യാപിച്ച് കിടക്കുന്ന വില്ലേജ് ആണ് പുത്തൻചിറ.

ആളൂർ പഞ്ചായത്തിന്റെ അതിർത്തിയായ കിഴക്കുംമുറി മുതൽ കൊടുങ്ങല്ലൂർ നഗരസഭയുടെ അതിർത്തി പുലയൻ തുരുത്ത് വരെ വ്യാപിച്ച് കിടക്കുകയാണ് തിരുവിതാംകൂർ കൊച്ചിയുടെ ഭാഗമായിരുന്ന പുത്തൻചിറ. പലരേഖകളും പറവൂർ താലൂക്കിലാണുള്ളത്. പിന്നീടാണ് മുകുന്ദപുരം താലൂക്കിന്റെ കീഴിൽ വരുന്നത്.

ദിവസവും രാവിലെ മുതൽ വില്ലേജ് ഓഫീസിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. പട്ടികജാതിക്കാർക്ക് ജാതിസർട്ടിഫിക്കറ്റിനായി പലരും ഈ ഓഫിസിലാണ് വരുന്നത്. ഈ ദുരിതത്തിന് അറുതി വരുത്താൻ വില്ലേജ് വിഭജിച്ച് മറ്റൊരു ഓഫിസ് തുടങ്ങുകയാണ് ശാശ്വതമായ പരിഹാരം.
ഇതിനായി എസ്.ജി പുത്തൻചിറയുടെ നേതൃത്വത്തിൽ വോയ്‌സ് ഒഫ് പുത്തൻചിറ എന്ന കൂട്ടായ്മ കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകുന്നതിനുള്ള ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്.