കൊടുങ്ങല്ലൂർ: സമ്പൂർണ ഭവന പദ്ധതിയിൽ വീടുകൾ നിർമ്മിക്കുന്നതിന് സാമ്പത്തികസഹായം നൽകിയിട്ടും ആരോഗ്യപരവും സാമ്പത്തികവും സാമൂഹികവുമായ കാരണങ്ങളാൽ വീടു പണി പൂർത്തീകരിക്കാൻ കഴിയാത്ത അവശത അനുഭവിക്കുന്ന ഗുണഭോക്താക്കൾക്ക് നിർമ്മാണം പൂർത്തീകരിക്കുന്നതിന് സഹായം നൽകുന്നതിനായി കൊടുങ്ങല്ലൂർ നഗരസഭ ഭവന നിധി രൂപീകരിക്കും.

ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവഞ്ചിക്കുളം ക്ഷേത്രം കോമ്പൗണ്ടിൽ മൂന്ന് സ്റ്റീൽ മോഡുലാർ ടോയ്‌ലറ്റുകൾ നിർമ്മിക്കാനും കൗൺസിൽ തീരുമാനിച്ചു.

നഗരത്തിലെ പൊതുസ്ഥലങ്ങളിൽ ശുചിമുറികൾ സ്ഥാപിക്കാനുള്ള സർക്കാർ നിർദ്ദേശത്തിന്റെ ഭാഗമാണ് ശുചിമുറികൾ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ നഗരസഭ സ്റ്റീൽ ടോയ്‌ലെറ്റുകൾ നിർമ്മിച്ചു നൽകിയിരുന്നു. അടുത്ത വർഷത്തെ വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് നഗരസഭാ ആസൂത്രണ സമിതിയും വർക്കിംഗ് ഗ്രൂപ്പുകളും പുനഃസംഘടിപ്പിക്കുന്നതിനും വാർഡ് സഭകൾ അടുത്ത മാസം 12ന് മുൻപ് പൂർത്തീകരിക്കുന്നതിനും കൗൺസിൽ തീരുമാനിച്ചു.

യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ, ഒ.എൻ. ജയദേവൻ, വി.ബി. രതീഷ്, വി.എം. ജോണി, ടി.എസ്. സജീവൻ, പി.എൻ. വിനയചന്ദ്രൻ, വി.ബി. രതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

നിർമ്മാണം പൂർത്തീകരിക്കാൻ ഭവന നിധി


കഴിഞ്ഞ കൗൺസിൽ കാലഘട്ടത്തിൽ നഗരസഭ 1200ൽ പരം ഗുണഭോക്താക്കൾക്ക് വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ കുറച്ചുപേർക്ക് പണം മുഴുവൻ നൽകിയിട്ടും വീടു പണി പൂർത്തീകരിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ഭവന നിധി രൂപീകരിക്കുന്നത്.

ഇതിനായി ഉദാരമതികളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കും. സാമ്പത്തിക സഹായം നല്കുന്നതിനുള്ള അർഹത നിശ്ചയിക്കുന്നതിന് കൗൺസിലിലെ കക്ഷി നേതാക്കളുടെ കമ്മിറ്റി രൂപീകരിച്ച് വിതരണം ചെയ്യും.