ചാലക്കുടി: ചാലക്കുടിയിൽ നിർമ്മിക്കുന്ന ട്രാംവെ മ്യൂസിയത്തിന്റെ സജ്ജീകരണ ഉദ്ഘാടനം ഇന്നു നടക്കും. കാർമ്മൽ സ്‌കൂൾ ഹാളിൽ ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹന്നാൻ എം.പി, നഗരസഭാ ചെയമാൻ വി.ഒ. പൈലപ്പൻ തുടങ്ങിയവർ സംബന്ധിക്കും. ലോകത്തിലെ തന്നെ റെയിൽവേ സാങ്കേതിക ചരിത്രത്തിലെ മഹാത്ഭുതമായിരുന്ന ചാലക്കുടിയിലെ കൊച്ചിൻ ഫോറസ്റ്റ് ട്രാംവേയുടെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കാനും വരുംതലമുറകൾക്ക് പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് ആരംഭിക്കുന്നതാണ് ട്രാംവെ ചരിത്ര പൈതൃക മ്യൂസിയം.


........................

ട്രാംവെ ചരിത്രം

കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചാലക്കുടിയുടെ കിഴക്കൻ മലകളിൽ നിന്നും തടികൾ വെട്ടിയിറക്കി പുറത്തേക്ക് കൊണ്ടപോകാൻ ചാലക്കുടി മുതൽ പറമ്പിക്കുളം വരെ 52 മൈൽ ആയിരുന്നു ട്രാംവെയുടെ ദൂരം. പറമ്പിക്കുളം, കാരപ്പാറ, കണ്ണംകുഴി, ആനപാണ്ടൻ, എന്നിങ്ങനെ നാല് തട്ടുകളായി തിരിച്ച് ഏറ്റവും ഉയർന്ന സ്ഥലത്ത് സ്ഥാപിച്ച ബ്രേക്ക് ഹൗസിലെ കൂറ്റൻ പൽചക്രങ്ങളിലെ ഇരുവശങ്ങളിലുമുള്ള ഇരുമ്പു വടം ബോഗികളിൽ ഘടിപ്പിച്ച് ഒരു വാഗൺ ഇറങ്ങമ്പോൾ മറ്റൊരു വാഗൺ മുകളിലേക്ക് കയറുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. ഇതിന്റെ കേന്ദ്ര വർക്ക് ഷോപ്പ് ചാലക്കുടിയിലായിരുന്നു. 1947നു ശേഷം ട്രാംവേയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. 1963 ൽ പൊളിച്ചു മാറ്റി.